യു.പി.ഐ. ഇടപാടുകൾക്കുള്ള ചാർജ് ഈടാക്കൽ നീക്കം പിൻവലിക്കണം; തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ഡീൻ കുര്യാക്കോസ് എം.പി.ക്ക് നിവേദനം നൽകി

തൊടുപുഴ: യു.പി.ഐ. ഇടപാടുകൾക്ക് കച്ചവടക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി തൊടുപുഴ മർച്ചന്റ് അസോസിയേഷൻ. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ ഇത്തരം അധിക നിരക്കുകൾ ഏർപ്പെടുത്തുന്നത് ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഇതിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഭാരവാഹികൾ അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി.ക്ക് നിവേദനം നൽകി.

വർധിച്ച പ്രവർത്തനച്ചെലവുകളും സാമ്പത്തിക പ്രതിസന്ധികളും നേരിടുന്ന ഘട്ടത്തിൽ പുതിയ നിർദ്ദേശം കച്ചവടമേഖലയെ കൂടുതൽ ദുരിതത്തിലാക്കുമെന്നും, ഇതിന്റെ ആഘാതം ഉപഭോക്താക്കളിലേക്ക് വരെ എത്താൻ സാധ്യതയുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. കച്ചവട മേഖലയ്ക്ക് സാമ്പത്തിക ഭാരമുണ്ടാക്കാത്ത രീതിയിൽ നയം പുനഃപരിശോധിക്കാനും ചാർജ് ഈടാക്കാനുള്ള നീക്കം അടിയന്തരമായി പിൻവലിക്കാനും അസോസിയേഷൻ ആവശ്യപ്പെട്ടു.

തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടി, ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, ട്രഷറർ ഇ. എ. അഭിലാഷ്, വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, സെക്രട്ടറി താജു എം. പി. എന്നിവരുടെ നേതൃത്വത്തിലാണ് എം.പി.ക്ക് നിവേദനം സമർപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *