കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ;ആസൂത്രിതമായ കുടിയേറ്റ അജണ്ടയ്ക്ക് അന്തിമരൂപം നൽകും

കാന്‍ബറ: ഓസ്ട്രേലിയയിലെ താൽക്കാലിക ഗ്രാജ്വേറ്റ് വിസ കൈവശമുള്ളവരിൽ 30 ശതമാനത്തോളം പേർ രാജ്യത്ത് പഠനം നടത്താത്ത കുടുംബാംഗങ്ങളാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. രാജ്യത്ത് ആകെ അനുവദിച്ച 2,71,191 താൽക്കാലിക ഗ്രാജ്വേറ്റ് വിസകളിൽ 73,900 എണ്ണവും പങ്കാളികളും കുട്ടികളും ഉൾപ്പെടുന്ന രണ്ടാംനിര അപേക്ഷകർക്കാണ് (സെക്കൻഡറി ആപ്ലിക്കന്റ്സ്) ലഭിച്ചിരിക്കുന്നത്. 2022 ജൂണിൽ രേഖപ്പെടുത്തിയ 24,200 അപേക്ഷകരിൽ നിന്ന് 204 ശതമാനത്തിന്റെ കൂറ്റൻ വർധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. സാധാരണയായി പഠനത്തിന് ശേഷം ഓസ്ട്രേലിയയിൽ തുടർന്ന് ജോലി ചെയ്യാൻ വിദ്യാർത്ഥികൾക്കാണ് ഈ വിസ അനുവദിക്കുന്നത്.

ഹോം അഫയേഴ്സ് വകുപ്പിൽ നിന്നുള്ള കണക്കുകൾ മോനാഷ് യൂണിവേഴ്സിറ്റിയിലെ ഉന്നത വിദ്യാഭ്യാസ വിദഗ്ധൻ ആൻഡ്രൂ നോർട്ടൺ വിശകലനം ചെയ്താണ് ‘ഡെയ്‌ലി ടെലഗ്രാഫി’ലൂടെ പുറത്തുവിട്ടത്. വരും ആഴ്ചകളിൽ ഹോം അഫയേഴ്സ് മന്ത്രി ടോണി ബർക്ക് ലേബർ സർക്കാരിന്റെ പുതിയ കുടിയേറ്റ സമീപനം പ്രഖ്യാപിക്കാനിരിക്കെ, ഈ വിവരങ്ങൾ രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.

ഭവന ലഭ്യതക്കുറവ്, ഉയർന്ന വാടക, അടിസ്ഥാന സൗകര്യങ്ങളിലെ അമിത സമ്മർദ്ദം എന്നിവയിൽ ജനങ്ങൾക്കിടയിൽ ആശങ്ക ശക്തമാണെങ്കിലും, ദീർഘകാല കുടിയേറ്റ ലക്ഷ്യം വെട്ടിക്കുറയ്‌ക്കേണ്ട തില്ലെന്നാണ് ആൽബനീസ് സർക്കാരിന്റെ തീരുമാനം. പ്രതിവർഷം നെറ്റ് വിദേശ കുടിയേറ്റം 2,25,000 ആയി നിലനിർത്താനാണ് ലേബർ പാർട്ടി ഉദ്ദേശിക്കുന്നത്. 2026-ലെ ഫെഡറൽ ബജറ്റിൽ 2027 ഓടെ കുടിയേറ്റക്കാരുടെ എണ്ണം 2.25 ലക്ഷമായി കുറയുമെന്ന് പ്രവചിച്ചിരുന്നെങ്കിലും, നിലവിൽ യഥാർത്ഥ കണക്കുകൾ ഇത് മറികടന്ന് 3,01,000 ആയി ഉയർന്നിട്ടുണ്ട്.

കുടിയേറ്റക്കാരുടെ എണ്ണം ഇനിയും വെട്ടിക്കുറയ്ക്കുന്നതിന് പകരം, ജനസംഖ്യാ വളർച്ചയ്ക്കനുസരിച്ച് ഭവന നിർമ്മാണവും അടിസ്ഥാന സൗകര്യ വികസനവും അത്യാവശ്യ സേവനങ്ങളും ഉറപ്പാക്കുന്നതിലാണ് സർക്കാരിന്റെ പുതിയ ഊന്നൽ. എന്നാൽ, വിദ്യാർത്ഥികൾ ഓസ്ട്രേലിയയിലെത്തിയ ശേഷവും കുടിയേറ്റക്കാരുടെ എണ്ണം വർധിക്കാൻ കാരണമാകുന്ന വിസ മാനദണ്ഡങ്ങൾക്കെതിരെ വിമർശനം കടുക്കുന്നത് സർക്കാരിന് വെല്ലുവിളിയാകുന്നുണ്ട്.

നിലവിലെ നിയമങ്ങൾ അനുസരിച്ച്, സർവകലാശാലകളിലോ വൊക്കേഷണൽ കോഴ്സുകളിലോ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തങ്ങളുടെ അടുത്ത കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരാൻ സാധിക്കും. പ്രധാന വിസ ഉടമയായ വിദ്യാർത്ഥിക്ക് ലഭിക്കുന്ന അതേ ജോലി ചെയ്യാനുള്ള അവകാശം ഈ കുടുംബാംഗങ്ങൾക്കും ലഭിക്കും. പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾ താൽക്കാലിക ഗ്രാജ്വേറ്റ് വിസയിലേക്ക് മാറുമ്പോഴും, കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിൽ തങ്ങി പ്രവൃത്തിപരിചയം നേടാൻ ഈ നിയമം അവസരമൊരുക്കുന്നു.

കോവിഡിന് ശേഷം അതിർത്തികൾ തുറന്നതോടെ വിദ്യാർത്ഥി വിസകളിൽ വലിയ വർധനവാണ് ഉണ്ടായത്. 2022-23 കാലയളവിൽ 5,77,000-ലധികം സ്റ്റുഡന്റ് വിസകളാണ് അനുവദിച്ചത്. ഇതാണ് പിന്നീട് ഗ്രാജ്വേറ്റ് വിസക്കാരിലും അവരുടെ കുടുംബാംഗങ്ങളിലും വലിയ വർധനവുണ്ടാക്കിയത്. 2022-ൽ ലേബർ സർക്കാർ അധികാരമേറ്റ ശേഷം താൽക്കാലിക ഗ്രാജ്വേറ്റ് വിസക്കാരുടെ എണ്ണത്തിൽ 174 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയിലെ തൊഴിൽ വിപണി താൽക്കാലിക വിസ ഉടമകളെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയിലാണെന്ന് ആൻഡ്രൂ നോർട്ടൺ വ്യക്തമാക്കുന്നു.

അതേസമയം, വിസ മാനദണ്ഡങ്ങൾ കടുപ്പിക്കണമെന്ന ആവശ്യവുമായി വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ രംഗത്തെത്തിയിട്ടുണ്ട്. താൽക്കാലിക ഗ്രാജ്വേറ്റ് വിസകളിൽ നിന്ന് രണ്ടാംനിര അപേക്ഷകരെ പൂർണ്ണമായും ഒഴിവാക്കണമെന്നും, ബിരുദതലത്തിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ കുടുംബത്തെ കൂടെ കൊണ്ടുവരുന്നത് പൂർണ്ണമായി തടയണമെന്നും അവർ ആവശ്യപ്പെട്ടു.

മന്ത്രി ടോണി ബർക്കിന്റെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ആഴ്ച നാഷണൽ പ്രസ് ക്ലബ്ബിൽ നടക്കേണ്ടതായിരുന്നുവെങ്കിലും മന്ത്രിസഭാ ചർച്ചകൾ പൂർത്തിയാകാത്തതിനെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. പ്രധാനമന്ത്രി ആൽബനീസ് തിരികെയെത്തുന്നതോടെ ആസൂത്രിതമായ കുടിയേറ്റ അജണ്ടയ്ക്ക് ലേബർ സർക്കാർ അന്തിമരൂപം നൽകും.

Leave a Reply

Your email address will not be published. Required fields are marked *