കൊച്ചി: അഭിമന്യു വധക്കേസിലെ 16 പ്രതികളും നേരിട്ട് കോടതിയിൽ ഹാജരാകാത്തതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അതൃപ്തി രേഖപ്പെടുത്തി. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നതിനാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും അഭിഭാഷകർ മുഖേന വിചാരണ നടപടികൾ നടത്താൻ അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്.
ഓഗസ്റ്റ് ആറിന് കേസ് പരിഗണിച്ചപ്പോൾ ഓഗസ്റ്റ് 10ന് 16 പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഇന്നും ആരും ഹാജരായില്ല. കോടതി നിർദേശം പ്രതികൾ ലംഘിക്കുന്നത് ഇത് രണ്ടാം തവണയാണ്. എട്ട് വർഷത്തിനിടെ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായത് ഒരുതവണ മാത്രമാണെന്നും റിപ്പോർട്ടുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലുമുള്ള പ്രതികൾക്ക് ഹാജരാകുന്നതിൽ എന്താണ് തടസമെന്നും കോടതി ചോദിച്ചു. വ്യാഴാഴ്ച പ്രതികൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
16 പ്രതികൾക്കെതിരെ ഐപിസി 323-ാം വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. അധികമായി ചുമത്തിയ കുറ്റം വായിച്ചുകേൾപ്പിക്കുന്നതിനാണ് പ്രതികളോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്. എന്നാൽ അഭിഭാഷകന് കുറ്റം വായിച്ചുകേട്ടാൽ മതിയെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കി വിധി പറയണമെന്ന് ജൂലൈ 14ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലായിരുന്നു നടപടി. ഇനി സമയപരിധി നീട്ടി നൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്.

