മെൽബൺ: ഓസ്ട്രേലിയൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പുതിയ മേധാവിയായി കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് സെക്ടർ യൂണിയൻ നാഷണൽ സെക്രട്ടറി മെലിസ്സ ഡൊണെല്ലി സ്ഥാനമേൽക്കുന്നു. എട്ട് വർഷത്തെ സേവനത്തിന് ശേഷം സാല്ലി മക്മാനസ് രാജിവെച്ചതിനെ തുടർന്നാണ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിമാരിലൊരാളായി 44-കാരിയായ മെലിസ്സ ഡൊണെല്ലി തിരഞ്ഞെടുക്കപ്പെട്ട ത്. തിങ്കളാഴ്ച ചേർന്ന എ.സി.ടി.യു എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
ഓസ്ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസിന്റെ 99 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ പൂർണ്ണ വനിതാ നേതൃത്വമായിരുന്നു സാല്ലി മക്മാനസും പ്രസിഡന്റ് മിഷേൽ ഒനീലും. ആൽബനീസ് സർക്കാരിന്റെ തൊഴിൽ നയരൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ച ശേഷമാണ് ഇരുവരും സ്ഥാനമൊഴിയുന്നത്. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾക്കും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കുമായി തുടർന്നും ശക്തമായി പോരാടുമെന്ന് എ.സി.ടി.യു തലപ്പത്തെ തൻ്റെ പുതിയ ചുമതലയെക്കുറിച്ച് പ്രതികരിക്കവെ മെലിസ്സ ഡൊണെല്ലി വ്യക്തമാക്കി.
അഭിഭാഷകയായി കരിയർ ആരംഭിച്ച മെലിസ്സ കഴിഞ്ഞ ഏഴ് വർഷമായി സി.പി.എസ്.യുവിനെ നയിച്ചു വരികയായിരുന്നു. ഇവരുടെ ഭരണകാലയളവിൽ യൂണിയൻ അംഗത്വത്തിൽ 23 ശതമാനം വർദ്ധനവുണ്ടായി. വർക്ക് ഫ്രം ഹോം ദിവസങ്ങളുടെ പരിധി ഒഴിവാക്കൽ, മാതാപിതാക്കൾക്ക് 18 ആഴ്ചത്തെ പെയ്ഡ് പേരന്റൽ ലീവ്,പൊതുസേവന മേഖലയിലെ സ്വകാര്യ വൽക്കരണത്തിനെതിരെയുള്ള പോരാട്ടങ്ങൾ എന്നിവയിൽ മെലിസ്സയുടെ നേതൃത്വം വലിയ പങ്കുവഹിച്ചു. മെലിസ്സയുടെ നിയമനത്തെ സാല്ലി മക്മാനസ്, പൊതുസേവന കാര്യ മന്ത്രി കാറ്റി ഗല്ലഗർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സ്വാഗതം ചെയ്തു.

