ഓസ്‌ട്രേലിയൻ സെൻസസ് 2026 ഓഗസ്റ്റ് 11-ന്; താൽക്കാലിക വിസക്കാർ ഉൾപ്പെടെ പങ്കെടുകാതിരുന്നാൽ ഭീമമായ പിഴ ഈടാക്കുമെന്ന് നിർദ്ദേശം

ക്യാൻബെറ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിവരശേഖരണ പ്രക്രിയയായ ‘ഓസ്‌ട്രേലിയൻ സെൻസസ് 2026’ ഓഗസ്റ്റ് 11 ചൊവ്വാഴ്ച നടക്കും. രാജ്യത്തുള്ള ഓരോ വ്യക്തിയും ഇതിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ സെൻസസ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള താൽക്കാലിക വിസക്കാരെ എങ്ങനെയെല്ലാം ബാധിക്കുമെന്നും, വിവരങ്ങൾ നൽകിയില്ലെങ്കിൽ നേരിടേണ്ടിവരുന്ന നിയമനടപടികൾ എന്താണെന്നതുമാണ് ഇപ്പോൾ കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നത്.

ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരശേഖരണ പ്രക്രിയയാണ് ഓഗസ്റ്റ് 11-ന് നടക്കാൻ പോകുന്ന സെൻസസ് എന്ന് മന്ത്രി ആൻഡ്രൂ ലീ പാർലമെന്റിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ മുൻനിർത്തിയാണ് രാജ്യത്തെ റോഡുകൾ, ഗതാഗതം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക ആവശ്യമായ ഫണ്ട് സർക്കാർ ഭാവിയിൽ അനുവദിക്കുന്നത്. ഇതിനായി രാജ്യത്തുടനീളം ഏകദേശം 30,000 സെൻസസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങളിൽ 85 ശതമാനം ആളുകളും ഇത്തവണ ഓൺലൈനിലൂടെ വിവരങ്ങൾ നൽകുമെന്നാണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) കണക്കാക്കുന്നത്.

ഓൺലൈൻ വിവരശേഖരണത്തിൽ പൂർണ്ണമായ സൈബർ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. അവസാന നിമിഷത്തെ തിക്കും തിരക്കും ഒഴിവാക്കാനും സെർവറുകളുടെ ഭാരം കുറയ്ക്കാനും ജനങ്ങൾ എത്രയും വേഗം വിവരങ്ങൾ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾ അറിയാൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 181 227 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

സെൻസസ് നടപടികളിൽ പൂർണ്ണമായി പങ്കാളികളാകുക എന്നത് രാജ്യത്തുള്ള ഓരോരുത്തർക്കും നിയമപരമായി നിർബന്ധമുള്ള കാര്യമാണ്. സെൻസസ് ദിനത്തിൽ ഓസ്‌ട്രേലിയയിലുള്ള എല്ലാ താൽക്കാലിക വിസക്കാരും, അന്താരാഷ്ട്ര വിദ്യാർത്ഥികളും, സന്ദർശക വിസയിലുള്ളവരും കൃത്യമായ വിവരങ്ങൾ നൽകേണ്ടതുണ്ട്. ഈ നിർദ്ദേശം പാലിക്കാത്തവരിൽ നിന്നും ഒരു ദിവസത്തേക്ക് $364 (ഏകദേശം 20,000 രൂപ) എന്ന നിരക്കിൽ പിഴ ഈടാക്കാനാണ് സർക്കാരിന്റെ തീരുമാനം. കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയാൽ $3,640 വരെ പിഴ ലഭിച്ചേക്കാവുന്ന വലിയ കുറ്റമായാണ് കണക്കാക്കുകയെന്നും അധികൃതർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *