വിക്രം-1 ദൗത്യം: മലയാളി എൻജിനീയർമാരെ അഭിനന്ദിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സ്വകാര്യമായി വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റായ സ്കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-1 ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച മലയാളി എൻജിനീയർമാരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു. ദൗത്യത്തിൽ പ്രവർത്തിച്ച മലയാളി എൻജിനീയർമാരുടെ 14 അംഗ സംഘത്തിലെ ഏഴുപേർ സതീശനെ സന്ദർശിച്ചു.

പത്തനംതിട്ട പറക്കോട് സ്വദേശി നിർമൽ നെൽസൺ വിക്ഷേപണവാഹനത്തിന്റെ ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനം ഏകോപിപ്പിച്ചു. ആലപ്പുഴ വെറ്റിക്കോട് സ്വദേശി എസ്. അജിത് കുമാർ ലിക്വിഡ് പ്രൊപ്പൽഷൻ സ്റ്റേജ് രൂപകൽപ്പനയിൽ പങ്കാളിയായി. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ബിനറ്റ് മോനച്ചൻ ഫ്ലൂയിഡ് കൺട്രോൾ സംവിധാനത്തിന്റെ രൂപകൽപ്പനയും പരിശോധനയും നിർവഹിച്ചു.

കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.കെ. അജിൻഘോഷ് പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ രൂപകൽപ്പനയിൽ പങ്കാളിയായി. കോഴിക്കോട് സ്വദേശി രഞ്ജിത് രവിയും പ്രൊപ്പൽഷൻ വിഭാഗത്തിൽ പ്രവർത്തിച്ചു. ഏവിയോണിക്സ് ക്വാളിറ്റി ആൻഡ് റിലയബിലിറ്റി ടീമിലെ അംഗങ്ങളായ ലിന്റ് സി. തോമസും അഞ്ജലി അശോകനും സംഘത്തിലുണ്ടായിരുന്നു.

ജൂലൈ 18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്രം-1 വിജയകരമായി വിക്ഷേപിക്കുകയും ഏകദേശം 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തുകയും ചെയ്തിരുന്നു. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ‘മിഷൻ ആഗമൻ’ ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ നിർണായക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *