ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു; ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ തീരുമാനം

കൊച്ചി: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് സംസ്ഥാന കമ്മിറ്റി യോഗം എറണാകുളം വൈറ്റില അനുഗ്രഹ ഓഡിറ്റോറിയത്തിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് എ.പി. ജിനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും പുനഃസംഘടനയെക്കുറിച്ചും സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു.

സംഘടനയുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഒരു ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്കായി സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി. ഈ വർഷത്തെ അവാർഡ് ദാന സമ്മേളനം, അംഗങ്ങളുടെ മക്കൾക്കായുള്ള പ്രതിഭാ ആദരവ്, അംഗത്വ ഐഡി കാർഡ് വിതരണം എന്നിവ സെപ്റ്റംബർ 6-ന് വർക്കല ബീച്ച് ഹാളിൽ വെച്ച് നടത്താനും തീരുമാനമായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, ഉമ തോമസ് എം.എൽ.എ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളാകും. സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് ലാലാജി, സംസ്ഥാന സെക്രട്ടറി ബൈഷി എന്നിവർക്കാണ് ചടങ്ങിന്റെ കോഡിനേഷൻ ചുമതല.

ജില്ലാ കമ്മിറ്റികളുടെ രൂപീകരണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി ബൈലോ ഭേദഗതി കമ്മിറ്റി വിളിച്ചുചേർക്കും. ജില്ലാ കമ്മിറ്റികൾ ആവിഷ്കരിക്കുന്ന ക്ഷേമ-ഇതര പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ അനുമതി നിർബന്ധമാക്കി. കൂടാതെ, ജില്ലാ കമ്മിറ്റികളുടെ സാമ്പത്തിക കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും അടുത്ത കമ്മിറ്റികൾക്ക് നീക്കിയിരിപ്പ് തുക സഹിതം ചുമതല കൈമാറുകയും വേണം.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനായി സംസ്ഥാന സെക്രട്ടറിമാർക്ക് പ്രത്യേക ചുമതലകൾ വീതിച്ചു നൽകി. രാജൻ പൊഴിയൂരിന് ഓർഗനൈസിംഗ് സെക്രട്ടറി (സംഘടനാ ചുമതല), അബൂബക്കറിന് ജില്ലാ കമ്മിറ്റികളുടെ പ്രവർത്തന ഏകോപനം, ജോളി ജോസഫിന് പരസ്യം, വാർത്ത, ബൈഷിക്ക് സംഘടനാ പോസ്റ്റർ, പരസ്യം, സുനിൽദത്ത് സുകുമാരന് വീഡിയോ ക്രിയേഷൻ, സരിജാ സ്റ്റീഫൺസണ് വനിതാ ഏകോപനം എന്നിവയുടെ ചുമതലകൾ നൽകി.

വിവിധ ജില്ലാ സമ്മേളനങ്ങൾക്കുള്ള സ്വാഗതസംഘ രൂപീകരണവും യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ നടക്കും. തൃശ്ശൂർ ജില്ലാ സമ്മേളനം സെപ്റ്റംബർ 27-നാണ് തീരുമാനിച്ചിരിക്കുന്നത്. മെമ്പർഷിപ്പ് ഫീസ് അടച്ച അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി സംഘടനയുടെ ഔദ്യോഗിക ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ഗ്രൂപ്പുകൾ പുനഃസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കൻ സ്വാഗതവും സെക്രട്ടറി രാജൻ പൊഴിയൂർ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായ മൊഹമ്മൂദിയ, ശ്യാം എസ്. ധരൻ, പി.എം. ഷാജി, സജിൻസൺ, ബൈഷി, ജോളി ജോസഫ് എന്നിവർ സംസാരിച്ചു. അബൂബക്കർ നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *