മെൽബൺ: ഓസ്ട്രേലിയയിൽ H5N1 പക്ഷിപ്പനി കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഫിലിപ്പ് ഐലൻഡിലെ 5,000 ചെറുപെൻഗ്വിനുകൾക്ക് വാക്സിൻ നൽകാൻ വിക്ടോറിയൻ സർക്കാർ തീരുമാനിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യപക്ഷി വാക്സിനേഷൻ ദൗത്യങ്ങളിലൊന്നായിരിക്കും ഇത്.
40,000 പെൻഗ്വിനുകൾ അധിവസിക്കുന്ന ഫിലിപ്പ് ഐലൻഡിൽ ആറാഴ്ച നീണ്ടുനിൽക്കുന്ന രോഗവ്യാപനമുണ്ടായാൽ 8,000 മുതൽ 16,000 വരെ പെൻഗ്വിനുകൾ ചത്തൊടുങ്ങാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പെൻഗ്വിനുകളെ പ്രത്യേക വേലിപ്പുരകളിൽ സുരക്ഷിതമായി എത്തിച്ചശേഷമായിരിക്കും വാക്സിനും തിരിച്ചറിയൽ മൈക്രോചിപ്പും നൽകുക. രണ്ടു ഡോസുകളിലായി ആകെ 10,000 ഡോസ് വാക്സിനാണ് ഇതിനായി ആവശ്യമായി വരുന്നത്.

