മലമ്പുഴ ഉദ്യാന നവീകരണം നീളുന്നു; പശുവും പുൽകുട്ടയുമായി ബിജെപിയുടെ വേറിട്ട പ്രതിഷേധ മാർച്ച്

മലമ്പുഴ: മലമ്പുഴ ഉദ്യാന നവീകരണം അനന്തമായി നീളുന്നതിലും ഉദ്യാനം കാടുകയറി നശിക്കുന്നതിലും പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധ സമരം. കാടുകയറിയ ഉദ്യാനത്തിലേക്ക് പശുവും പുൽകുട്ടയുമായി എത്തിയാണ് ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയത്.

കൃത്യമായ ഡി.പി.ആർ. (DPR) പോലും തയ്യാറാക്കാതെയാണ് ഉദ്യാന നവീകരണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ സർക്കാർ ഏൽപ്പിച്ചതെന്നും, നവീകരണത്തിൽ വലിയ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു. വിനോദസഞ്ചാരികൾക്ക് പകരം കന്നുകാലികൾക്ക് മേഞ്ഞുനടക്കാനുള്ള കേന്ദ്രമായി ഉദ്യാനം മാറിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം സ്ഥലം എം.എൽ.എ.ക്കും സംസ്ഥാന സർക്കാരിനുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മലമ്പുഴയുടെ പ്രധാന ആകർഷണമായ പച്ചപ്പ് ഇല്ലാതാക്കി ടൈലുകൾ പാകിയുള്ള അശാസ്ത്രീയമായ ഡി.പി.ആർ. ആണ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് കേരളത്തിന്റെ വൃന്ദാവനമായ മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണത്തിനായി കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിരുന്നു.

ഇതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ഉദ്യാനം അടച്ചിട്ടത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് സർക്കാർ നിർമ്മാണ ചുമതല നൽകിയിരുന്നത്. എന്നാൽ 11 മാസമായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാതെ ഉദ്യാനം കാടുകയറുന്ന സാഹചര്യത്തിലാണ് ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *