കൊച്ചി: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി, കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് വകുപ്പുകളുമായി സഹകരിച്ച് കടവന്ത്ര ഭാഗത്തെ ഭക്ഷണശാലകളിൽ സംയുക്ത പരിശോധന നടത്തി. ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ, തട്ടുകടകൾ എന്നിവ കേന്ദ്രീകരിച്ച് ആഗസ്റ്റ് 13-ന് വൈകിട്ട് നടത്തിയ പരിശോധനയിൽ ആറ് കടകൾക്കെതിരെ നടപടി സ്വീകരിച്ചു.
കുടിവെള്ള പരിശോധനാ റിപ്പോർട്ട് ലഭ്യമല്ലാതിരുന്ന ആറ് കടകളിൽ നിന്നും കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചു. നിരോധിത ഫുഡ് കളറുകളുടെ ഉപയോഗം, പഴകിയ പാൽ സൂക്ഷിക്കൽ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കൽ, കുടിവെള്ള പരിശോധന നടത്താത്ത അവസ്ഥ തുടങ്ങിയ ഗുരുതരമായ ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്ന് കടകളിൽ നിന്നായി ആകെ 6500 രൂപ പിഴ ചുമത്തി.
ഭക്ഷണശാലകൾ നിർബന്ധമായും പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെയും മാർഗ്ഗനിർദ്ദേശങ്ങളെയും കുറിച്ച് വ്യാപാരികൾക്ക് അധികൃതർ ബോധവത്കരണം നൽകി. ഇതിന്റെ ഭാഗമായി നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വരാനിരിക്കുന്ന ഓണക്കാലത്തോടനുബന്ധിച്ച് ഹോട്ടലുകൾ, തട്ടുകടകൾ, മറ്റ് ഫുഡ് സ്‌റ്റാളുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ വിപുലമാക്കുമെന്നും അധികൃതർ അറിയിച്ചു.
കൊച്ചി നഗരസഭാ പരിധിയിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ സന്തോഷ് കെ.റ്റി., ബാബു എം.ആർ., ഫുഡ് സേഫ്റ്റി ഓഫീസർ ആദർശ്, കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിജി പോൾ, സ്വപ്ന കെ.എസ്., ഫുഡ് അനലിസ്റ്റ് ശ്രീല വി.ബി., സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് സി.എൻ., രജീഷ് ആർ. എന്നിവർ നേതൃത്വം നൽകി.

