മന്ത്രി കെ. എ. തുളസി മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സന്ദർശിച്ചു; നാലര വയസ്സുകാരൻ ആദിദേവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വിലയിരുത്തി

ഇടുക്കി/തൊടുപുഴ: തൊടുപുഴ മൈലക്കൊമ്പിൽ പ്രവർത്തിക്കുന്ന മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിൽ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി സന്ദർശനം നടത്തി സ്ഥാപനത്തിലെ കുട്ടികളുടെ ക്ഷേമവും ആരോഗ്യ നിലവാരവും വിലയിരുത്തി. വള്ളക്കടവ് ഫോറസ്റ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട നാലര വയസ്സുകാരൻ ആദിദേവിന്റെ ദീർഘകാല സംരക്ഷണവും വളർച്ചയും മുൻനിർത്തിയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ (DCPU) ഇടപെടലിലൂടെ കുട്ടിയെ ഈ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് നൽകുന്ന പ്രത്യേക പരിചരണവും നിലവിലെ ആരോഗ്യനിലയും മന്ത്രി നേരിട്ട് അന്വേഷിച്ചറിഞ്ഞു.

നേരത്തെ പോഷകാഹാരക്കുറവ് കണ്ടെത്തിയതിനെ തുടർന്ന് പട്ടികവർഗ്ഗ വകുപ്പിന്റെ അടിയന്തര ഇടപെടലിലൂടെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ഒരു മാസത്തെ ചികിത്സ ഉറപ്പാക്കുകയും, വള്ളക്കടവ് അങ്കണവാടി വഴി കൃത്യമായി പോഷകാഹാരം ലഭ്യമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡോക്ടർമാർ കുട്ടിയുടെ ആരോഗ്യനിലയിൽ തൃപ്തികരമായ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC), DCPO എന്നിവരുടെ ഏകോപനത്തോടെ കുട്ടിയെ സുരക്ഷിത തണലിലേക്ക് മാറ്റിയത്.
സന്ദർശനത്തിനിടെ സ്ഥാപനത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള താമസ-പുനരധിവാസ സംവിധാനങ്ങളും, അവരുടെ വ്യക്തിഗത വളർച്ചയ്ക്കും സാമൂഹിക വികസനത്തിനുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും മന്ത്രി അന്വേഷിച്ചറിഞ്ഞു. അനാഥരും ഒറ്റപ്പെട്ടവരുമായ കുട്ടികളുടെ സംരക്ഷണത്തിനായി സ്ഥാപനം നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി സർക്കാരിന്റെ പൂർണ്ണ പിന്തുണയും ഉറപ്പുനൽകി. തുടർന്ന് സ്ഥാപന സെക്രട്ടറി ജോഷി മാത്യു, ബിൻസി ജോഷി, സോഷ്യൽ വർക്കർമാർ,ഹൗസ് മദേഴ്സ്, മറ്റ് ജീവനക്കാർ എന്നിവരുമായി കുട്ടികളുടെ പൊതുവായ ക്ഷേമകാര്യങ്ങൾ മന്ത്രി ചർച്ച ചെയ്തു.

അതിപിന്നാക്ക ഗോത്രവിഭാഗമായ മലമ്പണ്ടാര സമുദായത്തിന് ‘സ്പെഷ്യൽ പാക്കേജ്’ വഴി പുനരധിവാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വള്ളക്കടവിൽ താമസിക്കുന്ന കുട്ടികൾക്ക് ‘വിദ്യാവാഹിനി’ വാഹനസൗകര്യം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പിന്തുണയും, കുടുംബങ്ങൾക്ക് പ്രതിമാസ ഭക്ഷണ കിറ്റും അടിയന്തര ചികിത്സാ സഹായങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *