ആലത്തൂരിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

പാലക്കാട്: ആലത്തൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന രണ്ട് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷ് ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടിടങ്ങളിലായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ അതിക്രമിച്ചു കയറിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. ഇരകളായ സ്ത്രീകൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും സുനീഷ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം പ്രതി എറണാകുളം ഭാഗത്ത് ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കുറുപ്പമ്പടിയിൽ വെച്ച് ഇയാൾ പിടിയിലാകുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സുനീഷ്. തമിഴ്‌നാട്ടിലെ ഒരു മോഷണ കേസിൽ ശിക്ഷ അനുഭവിച്ച ശേഷം മൂന്നാഴ്ച മുൻപ് മാത്രമാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജയിൽ മോചിതനായി അധികം വൈകാതെ തന്നെ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു.

അറസ്റ്റിലായ സുനീഷിനെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *