പട്ടാമ്പിയിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി; അധികൃതർ പരിശോധന നടത്തി

പട്ടാമ്പി: പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ‘കിസ്മത്ത്’ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയതായി പരാതി. വള്ളൂർ സ്വദേശിയായ മണികണ്ടനും കുടുംബവും കഴിച്ച ബീഫ് കറിയിലാണ് ചത്ത പാറ്റയെ കണ്ടത്.

വിദേശത്തുനിന്നെത്തിയ സഹോദരിയുടെ മക്കളെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്ന വഴിയാണ് മണികണ്ടനും കുടുംബവും പട്ടാമ്പി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള കിസ്മത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയത്. പൊറോട്ടയും ബീഫ് റോസ്റ്റുമാണ് ഇവർ ഓർഡർ ചെയ്തത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ബീഫ് കറിയിൽ ചത്ത പാറ്റ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തെ തുടർന്ന് മണികണ്ടൻ ആരോഗ്യ വിഭാഗം, നഗരസഭ അധികൃതർ, എം.എൽ.എ, നഗരസഭാ ചെയർമാൻ എന്നിവർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ ആരോഗ്യ വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി. ഭക്ഷണം പാകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിച്ചു. സംഭവത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *