തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാൻ സർക്കാർ തയ്യാർ – മുഖ്യമന്ത്രി; ചരിത്രപ്രസിദ്ധമായ അത്തച്ചമയത്തിന് വർണ്ണാഭമായ തുടക്കം

തൃപ്പൂണിത്തുറ: നഗരത്തിന്റെ രാജകീയ പ്രൗഢിയും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കാൻ തൃപ്പൂണിത്തുറയെ ഒരു പൈതൃക നഗരമായി (Heritage City) ഉയർത്തണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി ജനപ്രതിനിധികളും നഗരസഭയും കക്ഷിരാഷ്ട്രീയത്തിനതീതമായി കൈകോർത്ത് സമഗ്രമായ പ്രൊപ്പോസൽ സമർപ്പിച്ചാൽ തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്തം 2026-ന്റെ ഭാഗമായി തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന സമ്മേളനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി രാജാവ് ആഭരണങ്ങളും രാജകീയ വസ്ത്രങ്ങളും ധരിച്ച് ജനങ്ങളെ കാണാൻ ഇറങ്ങിയിരുന്ന പാരമ്പര്യമാണ് അത്തച്ചമയത്തിനുള്ളത്. തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയും തിരുവിതാംകൂറും തമ്മിലുണ്ടായ തർക്കങ്ങളും ചരിത്രപരമായ യുദ്ധങ്ങളും മുതൽ, പിന്നീട് തൃക്കാക്കരയപ്പനെ വന്ദിക്കാൻ കൊച്ചി രാജാവ് സംഘടിപ്പിച്ചിരുന്ന ചടങ്ങുകൾ വരെയുള്ള വ്യാഖ്യാനങ്ങൾ ഇതിനു പിന്നിലുണ്ട്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മതസൗഹാർദ്ദത്തിന്റെ സന്ദേശമാണ് അത്തച്ചമയം നൽകുന്നത്. കൊച്ചി രാജാവിന്റെ കാലം മുതൽ തന്നെ നെട്ടൂരിലെ തങ്ങൾ, കരിങ്ങാച്ചിറ കത്തനാർ, കൊച്ചി നാവികസേനയുടെ തലവനായിരുന്ന ചെമ്പിലരയൻ തുടങ്ങി വിവിധ സമുദായങ്ങളുടെ പ്രതിനിധികൾ ഈ ഘോഷയാത്രയുടെ ഭാഗമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

തൃപ്പൂണിത്തുറയിൽ ഉണ്ടായിരുന്ന അമ്പതിലേറെ കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്മാരകങ്ങൾ സംരക്ഷിക്കുന്ന മാതൃക ഇവിടെയും പിന്തുടരണം. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ചേന്ദമംഗലത്തെ പാലിയത്തച്ഛന്റെ നാലുകെട്ടും ഊട്ടുപുരയും, ഡച്ച് കൊട്ടാരവും സംരക്ഷിച്ച മാതൃകയിൽ തൃപ്പൂണിത്തുറയിലെയും ചരിത്രശേഷിപ്പുകൾ കാത്തുസൂക്ഷിക്കണം. കഥകളി അടക്കമുള്ള അനുഷ്ഠാന കലകളുടെ കേന്ദ്രമായ തൃപ്പൂണിത്തുറയിലെ 50 വർഷം പൂർത്തിയാക്കുന്ന വനിതാ കഥകളി സംഘത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ചടങ്ങിൽ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അത്തം പതാക ഉയർത്തുകയും തുടർന്ന് നടന്ന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. തൃപ്പൂണിത്തുറ നിയോജക മണ്ഡലം എം.എൽ.എ ദീപക് ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.പിമാരായ ഹൈബി ഈഡൻ, അഡ്വ. ഫ്രാൻസിസ് ജോർജ്ജ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, പ്രശസ്ത സിനിമാ താരം ജഗദീഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. എൽ. ബാബു, വൈസ് ചെയർപേഴ്സൺ രാധിക വർമ്മ, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പിള്ളി, അത്തച്ചമയാഘോഷം ജനറൽ കൺവീനർ ഇ. എസ്. രാകേഷ് പൈ എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *