ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായി ശരണ്യ; സ്വന്തം നാട്ടിലെ ആശുപത്രിയിൽ തന്നെ സേവനത്തിനെത്തി ചരിത്രം കുറിച്ചു

ഇടുക്കി: കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് പ്രതിസന്ധികളെ മറികടന്ന് ഇടുക്കിയിലെ ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായി ചരിത്രം കുറിച്ച് ശരണ്യ. ഉപ്പുതറ കണ്ണംപടി വനമേഖലയിലെ പുന്നപാറ ഊരിലെ മോഹനന്റെയും മിനിയുടെയും ഏക മകളായ ശരണ്യ, പഠിച്ച് ഡോക്ടറായി സ്വന്തം നാട്ടിലെ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ തന്നെ സേവനത്തിനെത്തുമ്പോൾ ഒരു നാടിന്റെയാകെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.

ചെറുപ്പകാലം മുതൽ നന്നായി പഠിച്ച് ഡോക്ടറാകണമെന്നും സ്വന്തം നാട്ടുകാരെ നേരിട്ടെത്തി ശുശ്രൂഷിക്കണമെന്നുമുള്ള ഉറച്ച ലക്ഷ്യമായിരുന്നു ശരണ്യയ്ക്കുണ്ടായിരുന്നത്. പത്താം ക്ലാസിൽ 90 ശതമാനവും പ്ലസ് ടു പരീക്ഷയിൽ 88 ശതമാനവും മാർക്ക് നേടിയാണ് ശരണ്യ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് 2019-ലെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ്ഗ (ST) വിഭാഗത്തിൽ 23-ാം റാങ്ക് കരസ്ഥമാക്കി പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് ഒന്നാം ക്ലാസോടെ എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കി.

കേരള പി.എസ്.സി വഴിയുള്ള അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചതോടെയാണ് സ്വന്തം നാടായ ഉപ്പുതറയിലെ സർക്കാർ ആശുപത്രിയിൽ തന്നെ സേവനം ചെയ്യാനുള്ള അസുലഭാവസരം ഡോ. ശരണ്യയെ തേടിയെത്തിയത്. നാട്ടുകാരുടെ പ്രിയപ്പെട്ട മകൾ ഇനി ഉപ്പുതറക്കാരുടെ സ്വന്തം ഡോക്ടറാണ്. ആരോഗ്യ മേഖലയിൽ തനിക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഉന്നത പഠനങ്ങളിലൂടെ കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും ഡോ. ശരണ്യ ആത്മവിശ്വാസത്തോടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *