ബെയ്ജിങ്: പ്രശസ്ത വിപ്ലവഗാനത്തിന്റെ വരികൾ മാറ്റി അവതരിപ്പിച്ചെന്ന പരാതിയിൽ ചൈനീസ് ഹാസ്യനടൻ ഗുവോ ഡെഗാങിനെതിരെ അന്വേഷണം. സംഭവത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനിരുന്ന അദ്ദേഹത്തിന്റെ കോമഡി പരിപാടികളും അധികൃതർ റദ്ദാക്കി.
ജൂലൈ അവസാനം വുഹാനിൽ നടന്ന പരിപാടിക്കിടെയാണ് വിവാദമായ അവതരണം ഉണ്ടായത്. 1950കളിലെ ‘റെയിൽറോഡ് ഗറില്ലാസ്’ എന്ന സിനിമയിലെ പ്രശസ്ത വിപ്ലവഗാനത്തിന്റെ വരികൾ ഗുവോ സ്വന്തം രീതിയിൽ മാറ്റി പാടുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സേനയ്ക്കെതിരെ പോരാടിയ കമ്യൂണിസ്റ്റ് ഗറില്ലകളുടെ പോരാട്ടത്തെക്കുറിച്ചുള്ള ഗാനമാണിത്.
ഗാനത്തിലെ ഒരു വരിയിൽ ചൈനീസ് ഭരണകൂടത്തിന്റെ പ്രധാന ചരിത്രകേന്ദ്രമായ ‘ഫോർബിഡൻ സിറ്റി’യെ പരാമർശിക്കുന്ന തരത്തിൽ മാറ്റം വരുത്തിയതാണ് വിവാദമായത്. ഇതിനെ തുടർന്ന് വിപ്ലവസംസ്കാരത്തെ വികലമാക്കിയെന്നും പൊതുധാർമികത ലംഘിച്ചെന്നും ആരോപിച്ച് വുഹാൻ കൾച്ചർ ആൻഡ് ടൂറിസം ബ്യൂറോയിൽ പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
മുൻകൂട്ടി അനുമതി നേടിയ തിരക്കഥയിൽ മാറ്റം വരുത്തി പരിപാടി അവതരിപ്പിച്ചത് ചൈനീസ് നിയമപ്രകാരം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ നിശ്ചയിച്ചിരുന്ന പരിപാടികൾ തിയറ്ററുകൾ റദ്ദാക്കുകയും ടിക്കറ്റ് തുക പ്രേക്ഷകർക്ക് തിരികെ നൽകുകയും ചെയ്തു.
ചൈനയിലെ കലാകാരന്മാർ നേരിടുന്ന കർശനമായ സെൻസർഷിപ്പിന്റെ പുതിയ ഉദാഹരണമായാണ് സംഭവത്തെ രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നത്. എന്നാൽ ഗുവോ ഡെഗാങിനെതിരെ അന്തിമ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നത് അന്വേഷണത്തിന്റെ തുടർനടപടികളെ ആശ്രയിച്ചിരിക്കും.

