പ്ലൈവുഡ് കമ്പനികൾക്കെതിരെ അടിവാടിൽ ജനകീയ ഒപ്പുശേഖരണം

അടിവാട്: ടൗണിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്, ജനവാസ മേഖലയിലും പുതുതായി വിഭാവനം ചെയ്യുന്ന പുഞ്ചക്കുഴി തണ്ട് കുടിവെള്ള പദ്ധതിയുടെ സമീപത്തുമായി തുടങ്ങാൻ ഒരുങ്ങുന്ന പ്ലൈവുഡ് കമ്പനികൾക്കെതിരെ അധികാരികൾക്ക് നിവേദനം നൽകുന്നതിനായി അടിവാട് ടൗണിൽ ജനകീയ ഒപ്പുശേഖരണം സംഘടിപ്പിച്ചു. പ്രദേശവാസികൾ, വ്യാപാരികൾ, വിവിധ സ്ഥാപന ഉടമകൾ, ജീവനക്കാർ എന്നിവരുൾപ്പെടെ നിരവധി പേരാണ് പ്ലൈവുഡ് കമ്പനികൾക്കെതിരെയുള്ള നിവേദനത്തിൽ ഒപ്പുവെച്ചത്.

ജനകീയ സമരസമിതി ചെയർമാൻ അബുലൈസ് എം.എസ്. അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു നിർവഹിച്ചു. കൺവീനർ കെ.ഇ. കാസിം സ്വാഗതവും ട്രഷറർ അബ്ദുള്ള മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്തലി എം.പി., നിസമോൾ ഇസ്മയിൽ, എൻ.കെ. മുഹമ്മദ്, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, അടിവാട് സെൻട്രൽ ജുമ മസ്ജിദ് ഇമാം ജാബിർ ബാഖവി, സി.പി.ഐ.(എം) ലോക്കൽ സെക്രട്ടറി എം.എം. ബക്കർ, സി.പി.ഐ. ലോക്കൽ സെക്രട്ടറി എം.എസ്. അലിയാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.എം. അലിയാർ, അടിവാട് സെൻട്രൽ ജുമ മസ്ജിദ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം. അബ്ദുൽ റഹ്‌മാൻ, ഹീറോ യങ്സ് ക്ലബ്ബ് മുൻ പ്രസിഡന്റ് കെ.കെ. അഷ്റഫ്, മൈതീൻ കുട്ടി തുരുത്തേൽ, വി.എം. അലിയാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

ജനവാസമേഖലയിലും അടിവാട് സ്കൂളിനും കുടിവെള്ള പദ്ധതിക്കും സമീപത്തായും തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്ലൈവുഡ് കമ്പനികൾക്കെതിരെ കൂടുതൽ ശക്തമായ സമര മുറകൾക്ക് നേതൃത്വം നൽകുമെന്നും, ഇത്തരം പദ്ധതികളെ ചെറുത്തുതോൽപ്പിച്ച് നാട്ടുകാരുടെ ആശങ്കകൾ അകറ്റാൻ ഏതറ്റം വരെയും ഒപ്പം നിൽക്കുമെന്നും യോഗത്തിൽ സംസാരിച്ച ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *