ലണ്ടൻ: ഡോഗ് ഫുഡിലെ ചേരുവ മാറ്റിയതിനെ തുടർന്ന് വളർത്തുനായ്ക്കൾക്ക് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള ഗുരുതരമായ നേത്രരോഗം ബാധിച്ചതായി പരാതി ഉയർന്നതോടെ, തങ്ങളുടെ എല്ലാ ഫ്രഷ് മീൽ ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ച് പ്രമുഖ ഡോഗ് ഫുഡ് ബ്രാൻഡായ ‘ഇയേഴ്സ്’ (Years). ഈ ഭക്ഷണം നായ്ക്കൾക്കോ മറ്റ് മൃഗങ്ങൾക്കോ നൽകുന്നത് ഉടനടി നിർത്തണമെന്നും, മറ്റാർക്കും കൈമാറുകയോ വിൽക്കുകയോ ചെയ്യരുതെന്നും കമ്പനി ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.
‘കെരാറ്റോകൺജങ്ക്റ്റിവിറ്റിസ് സിക്ക’ (Keratoconjunctivitis Sicca – KCS) അഥവാ ‘ഡ്രൈ ഐ’ (Dry Eye) എന്ന രോഗാവസ്ഥയാണ് നായ്ക്കളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണീർ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരികയും ഇരു കണ്ണുകളെയും ബാധിക്കുകയും ചെയ്യുന്ന ഈ അസുഖം യഥാസമയം ചികിത്സിച്ചില്ലെങ്കിൽ നായ്ക്കൾക്ക് പൂർണ്ണ അന്ധത സംഭവിക്കാൻ സാധ്യതയുണ്ട്. കണ്ണ് തിരുമ്മുക, കണ്ണുകൾ അടച്ചുപിടിക്കുക, കണ്ണ് ചുവക്കുക, പഴുപ്പ് പോലുള്ള സ്രവം വരിക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചില മൃഗങ്ങൾ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും മറ്റു ചിലതിൽ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഏകദേശം 40,000 ഉപഭോക്താക്കളിൽ നിന്നായി ഇതുവരെ 192 നായ്ക്കളിൽ നേത്രപ്രശ്നങ്ങൾ കണ്ടതായി പരാതി ലഭിച്ചതായി കമ്പനി അറിയിച്ചു. ഉൽപ്പന്നങ്ങളിൽ ഏതാനും മാസങ്ങൾക്ക് മുൻപ് ചേർത്ത ‘ബക്ക്വീറ്റ്’ (Buckwheat) എന്ന ധാന്യമാണ് ഈ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഈ ചേരുവയിലെ അലർജിയോ അല്ലെങ്കിൽ വിതരണത്തിൽ ഉണ്ടായേക്കാവുന്ന വിഷാംശമോ (Contamination) പരിശോധിക്കാൻ കമ്പനി ലാബ് ടെസ്റ്റുകളും ടോക്സിക്കോളജി അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ബക്ക്വീറ്റ് നായ്ക്കൾക്ക് സുരക്ഷിതമാണെന്ന് അവകാശപ്പെട്ട് കമ്പനി ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ ബ്ലോഗ് പോസ്റ്റ് വിവാദമായതിനെ തുടർന്ന് നീക്കം ചെയ്തു. ഫേസ്ബുക്കിൽ ദുരിതബാധിതരായ മൃഗസ്നേഹികൾ ചേർന്ന കൂട്ടായ്മകൾ രൂപീകരിക്കുകയും നിയമനടപടികൾ ആലോചിക്കുകയും ചെയ്യുന്നതിനിടെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ കമ്പനി ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പൂർണ്ണമായും പിൻവലിച്ചത്.

