മിർസ ഫഖ്റുൾ ഇസ്‌ലാം ആലംഗീർ ബംഗ്ലാദേശ് പ്രസിഡന്‍റ്

ധാക്ക: ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്‍റായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫഖ്റുൾ ഇസ്‌ലാം ആലംഗീർ (78) തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്‍റിൽ നടന്ന വോട്ടെടുപ്പിൽ 255 വോട്ട് നേടിയാണ് ആലംഗീർ വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി കേണൽ (റിട്ട.) ഒലി അഹമ്മദ് 88 വോട്ട് നേടി.

349 പാർലമെന്‍റ് അംഗങ്ങളിൽ 343 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് ഫലം ചീഫ് ഇലക്ഷൻ കമ്മിഷണർ എ.എം.എം. നാസിർ ഉദ്ദീൻ പ്രഖ്യാപിച്ചു. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആലംഗീറിനെ പ്രസിഡന്‍റായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

1991നുശേഷം ബംഗ്ലാദേശിൽ ആദ്യമായാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പ് നടന്നത്. മുൻ പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

ബിഎൻപിയുടെ ദീർഘകാല ജനറൽ സെക്രട്ടറിയായിരുന്ന ആലംഗീർ 2016 മുതൽ ഈ പദവി വഹിച്ചുവരികയായിരുന്നു. 2026 ഓഗസ്റ്റിൽ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ അദ്ദേഹത്തെ പ്രസിഡന്‍റ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്തിരുന്നു.

ബംഗ്ലാദേശിൽ പ്രസിഡന്‍റ് പദവി പ്രധാനമായും ഔപചാരികമാണെങ്കിലും രാജ്യത്തിന്റെ ഭരണഘടനാപരമായ തലവനും സായുധസേനയുടെ പരമാധികാര കമാൻഡറുമാണ് പ്രസിഡന്‍റ്.

Leave a Reply

Your email address will not be published. Required fields are marked *