ഹരിപ്പാട്: കരുവാറ്റ കൊലപാതകക്കേസിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി 30 ദിവസത്തിനകം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നീക്കം. കൗമാരക്കാർ ഉൾപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങളിലെ അന്വേഷണവും തുടർനടപടികളും വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് ശാസ്ത്രീയ തെളിവെടുപ്പ് നടത്തും. കേസിൽ നേരിട്ടുള്ള സാക്ഷികളില്ലാത്ത സാഹചര്യത്തിൽ സാഹചര്യത്തെളിവുകൾക്കും ഫോറൻസിക് പരിശോധനാ ഫലങ്ങൾക്കുമാണ് അന്വേഷണസംഘം മുൻഗണന നൽകുന്നത്. കുറ്റകൃത്യം നടന്ന രീതിയും സംഭവസ്ഥലത്തെ സാഹചര്യങ്ങളും പരിശോധിച്ച് തെളിവുകൾ ശേഖരിക്കാനാണ് തീരുമാനം.
കേസിൽ പിടിയിലായവർക്ക് മുൻപ് മറ്റ് ക്രിമിനൽ കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നാലെ വീട്ടിൽനിന്ന് കവർന്ന സ്വർണം വിൽക്കാൻ സഹായിച്ച ഇരുപതുകാരനെ കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ ഉന്നത അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിന് ശേഷമേ അന്തിമ തീരുമാനമെടുക്കൂ. ഇയാൾക്ക് കൊലപാതകത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിച്ചുവരികയാണ്.

