കൊല്ലം: മുണ്ടയ്ക്കൽ പാപനാശം കടൽത്തീരത്ത് ശക്തമായ തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഒമനക്കുട്ടൻ (50), പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ. ലതിക (50) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.
പാപനാശത്തെ പുലിമുട്ടുകൾക്കിടയിലെ മണൽപ്പരപ്പിൽ ഇരിക്കുകയായിരുന്ന ഇരുവരെയും ശക്തമായി അടിച്ചുകയറിയ തിരമാല കടലിലേക്ക് വലിച്ചുകൊണ്ടുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. പിന്നീട് നിലവിളി കേട്ടാണ് സമീപവാസികളായ യുവാക്കൾ വിവരം അറിഞ്ഞത്.
യുവാക്കൾ കടലിൽ ഇറങ്ങി ഇരുവരെയും കരയിലെത്തിക്കുകയും സിപിആർ നൽകുകയും ചെയ്തു. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡരികിൽ കണ്ടെത്തി. ബൈക്കിലുണ്ടായിരുന്ന ബാഗിൽ ഓണത്തിനുള്ള വസ്ത്രങ്ങളും മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. മൊബൈൽ ഫോണുകൾ പരിശോധിച്ചാണ് പോലീസ് ബന്ധുക്കളെ വിവരമറിയിച്ചത്. മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

