മെസി വിവാദം: വിശദ അന്വേഷണത്തിന് സർക്കാർ; തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ നികുതി വെട്ടിപ്പ് ആരോപണങ്ങളിൽ വിശദ അന്വേഷണം നടത്താൻ സർക്കാർ ഒരുങ്ങുന്നു. ജിഎസ്ടി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി.

റിപ്പോർട്ട് ജിഎസ്ടി കമ്മിഷണർ മുഖേന മുഖ്യമന്ത്രിക്ക് കൈമാറും. അന്വേഷണത്തിന്റെ അടുത്ത ഘട്ടം എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം. വിജിലൻസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൂടുതൽ വിപുലമായ അന്വേഷണം നടത്തണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നാണ് റിപ്പോർട്ടുകൾ.

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിനായി സ്പോൺസർ വിദേശത്തേക്ക് കൈമാറിയതായി പറയുന്ന 126 കോടി രൂപയുമായി ബന്ധപ്പെട്ട് 22.68 കോടി രൂപയുടെ സേവനനികുതി ഈടാക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് എസ്ഐടി കണ്ടെത്തിയത്. നികുതി ഈടാക്കുന്നതിൽ നാല് ജിഎസ്ടി ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, രണ്ടാം പിണറായി വിജയൻ സർക്കാരിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്ന രാഷ്ട്രീയ നേതാക്കൾക്കും കൂടുതൽ ഉദ്യോഗസ്ഥർക്കും വിഷയത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് എസ്ഐടി ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്. ജിഎസ്ടിയുടെ പരിധിക്ക് പുറത്തുള്ള കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അവ ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൈമാറാനും സാധ്യതയുണ്ട്.

അർജന്റീന ടീം കേരളത്തിലെത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകളില്ലാതെയാണ് മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഓഫിസ് ടീമിന്റെ വരവ് സംബന്ധിച്ച് കായികവകുപ്പിനെ അറിയിച്ചതെന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. കായികവകുപ്പിന്റെ പക്കൽ ഇതുമായി ബന്ധപ്പെട്ട കരാറോ ധാരണാപത്രമോ ഇല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *