പഴമയുടെ മണിയൊച്ചയിൽ ‘ഓണപ്പെരുമ 2K26’ന് വിളംബരം ശ്രദ്ധേയമായി

കുന്നോന്നി: ഡിജിറ്റൽ കാലത്ത് സന്ദേശങ്ങൾ നിമിഷങ്ങൾക്കകം കൈമാറുന്ന പുതിയ തലമുറയ്ക്ക് പഴയകാല ആശയവിനിമയ സംവിധാനത്തിന്റെ ഓർമകൾ പകർന്നുനൽകി കുന്നോന്നിയിൽ ‘ഓണപ്പെരുമ 2K26’ന് വ്യത്യസ്തമായ വിളംബരം. രാജഭരണകാലത്തെ അഞ്ചലോട്ടക്കാരന്റെ വേഷത്തിൽ മണിയൊച്ചയുമായി നടത്തിയ വിളംബരജാഥ ശ്രദ്ധേയമായി. യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ വിളംബരത്തിലാണ് കുന്നോന്നി പൊങ്ങലയിൽ വിജയൻ അഞ്ചലോട്ടക്കാരന്റെ വേഷത്തിലെത്തിയത്. റിട്ടയേർഡ് പോസ്റ്റൽ ജീവനക്കാരനായ വിജയൻ തലയിൽ തപാൽച്ചാക്കും കൈയിൽ മണിവടിയുമായി പഴയകാല അഞ്ചലോട്ടക്കാരന്റെ രൂപം പുനരാവിഷ്കരിച്ചാണ് ജാഥയിൽ പങ്കെടുത്തത്.

ഞായറാഴ്ച രാവിലെ കുന്നോന്നി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ‘ഓണപ്പെരുമ 2K26’ കൺവീനർ പി.വി. വിജേഷ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ ആഘോഷ പരിപാടികളുടെ നോട്ടീസ് അഞ്ചലോട്ടക്കാരനായ വിജയന് കൈമാറി വിളംബരത്തിന് തുടക്കം കുറിച്ചു. തുടർന്ന് കുന്നോന്നി ടൗൺ, കടലാടിമറ്റം, ആലുംന്തറ തുടങ്ങിയ പ്രദേശങ്ങളിലൂടെ വിജയൻ അഞ്ചലോട്ടക്കാരന്റെ വേഷത്തിൽ മണിയൊച്ചയുമായി ഓടിയെത്തി. പഴയകാലത്ത് കത്തുകളും ഔദ്യോഗിക സന്ദേശങ്ങളും വിവിധ സ്ഥലങ്ങളിലെത്തിച്ചിരുന്ന അഞ്ചലോട്ടക്കാരുടെ ചരിത്രം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേറിട്ട കാഴ്ചയായി വിളംബരജാഥ മാറി.

ആധുനിക ആശയവിനിമയ സംവിധാനങ്ങൾ വ്യാപകമായ കാലത്തും പഴയകാലത്തിന്റെ സാംസ്കാരിക ഓർമകളും പൈതൃകങ്ങളും പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യമാണ് വിളംബരത്തിലൂടെ അവതരിപ്പിച്ചത്. അത്തപ്പൂക്കളം, വോളിബോൾ, വടംവലി, കട്ട് പോസ്റ്റ് ടൂർണമെന്റ്, ടൂ വീലർ ഫാൻസി ഡ്രസ് മത്സരം, ഓണക്കളികൾ, കായികമത്സരങ്ങൾ, നാടൻ വിനോദങ്ങൾ, കലാപരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *