കൊല്ലം: ആയൂരിൽ അറുപത്തിയൊന്നുകാരിയായ അമ്മയുടെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അശ്വതി അച്ചു അറസ്റ്റിൽ. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ നിന്നാണ് ചടയമംഗലം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഈ മാസം 26-നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണിക്ക് (61) നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തും കഴുത്തിലും ഒന്നാം പ്രതിയായ മകൾ അമൃത (18) തിളച്ച വെള്ളമൊഴിക്കുകയായിരുന്നു. അശ്വതിയാണ് വെള്ളം തിളപ്പിച്ചു നൽകിയതെന്നും ദേഹത്തേക്ക് ഒഴിക്കാൻ പ്രേരിപ്പിച്ചതെന്നും അമൃത പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ രാധാമണി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഹണിട്രാപ്പ് കേസുകളിലടക്കം പ്രതിയായ അശ്വതി അച്ചുവിനായി പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. ഒന്നാം പ്രതിയായ അമൃതയെ സംഭവ ദിവസം രാത്രി തന്നെ ഭർത്താവിന്റെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. തുടരന്വേഷണത്തിലാണ് ഒളിത്താവളം കണ്ടെത്തി രണ്ടാം പ്രതിയെയും വലയിലാക്കിയത്.

