കൊല്ലം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യമായി അധിക്ഷേപ പരാമർശം നടത്തിയ മുൻ ഡി.ജി.പിയും ബി.ജെ.പി സംസ്ഥാന നേതാവുമായ ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്.പിക്ക് പരാതി. കൊട്ടാരക്കര നഗരസഭാ മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പവിജ പത്മനാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം പുനലൂരിൽ നടന്ന ബി.ജെ.പി പ്രതിഷേധ സമ്മേളനത്തിനിടെയായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം. രാഹുൽ ഗാന്ധി ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന തരത്തിൽ മോശമായി ചിത്രീകരിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. കൂടാതെ, ലഹരി വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും പൊലീസ് അതിൽ ക്രമക്കേട് നടത്തുകയാണെന്നും ശ്രീലേഖ സമ്മേളനത്തിൽ ആക്ഷേപിച്ചിരുന്നു. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് പരാതിയിലൂടെ ആവശ്യപ്പെട്ടു.

