ഗോൾഡ് കോസ്റ്റ്: മെയിൻ ബീച്ചിലെ ‘ദി സ്പിറ്റ്’ (The Spit) വനപ്രദേശം വൻതോതിൽ അനധികൃത മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നതിൽ പ്രതിഷേധിച്ച് ഗോൾഡ് കോസ്റ്റ് നിവാസികൾ രംഗത്ത്. വീട്ടുമാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളും വ്യാപകമായി കാടുകളിലേക്ക് തള്ളുന്നത് പ്രദേശത്തെ വന്യജീവികൾക്കും പരിസ്ഥിതിക്കും കടുത്ത ഭീഷണിയാകുന്നുണ്ട്. നഗരത്തിലുടനീളമുള്ള ഇത്തരം അനധികൃത മാലിന്യങ്ങൾ നീക്കം ചെയ്യാനായി മാത്രം പ്രതിവർഷം 70 ലക്ഷം (7 മില്യൺ) ഓസ്ട്രേലിയൻ ഡോളറാണ് നികുതിപ്പണത്തിൽ നിന്ന് ചിലവഴിക്കേണ്ടി വരുന്നത്.
ഭൂരിഭാഗം ആളുകളും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുമ്പോൾ, ചിലരുടെ നിരുത്തരവാദപരമായ ഇത്തരം പ്രവർത്തനങ്ങളുടെ സാമ്പത്തിക ബാധ്യത മുഴുവൻ പ്രദേശവാസികളും പേറേണ്ടി വരുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ പ്രദേശത്ത് കർശന നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, മാലിന്യങ്ങൾ ഉടനടി നീക്കം ചെയ്യാനും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കർശന നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴ ചുമത്തുക, ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുക, ശുചീകരണത്തിനായി ചിലവായ മുഴുവൻ തുകയും കുറ്റക്കാരിൽ നിന്ന് തന്നെ ഈടാക്കുക തുടങ്ങിയ കർശന ശിക്ഷാനടപടികൾ നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

