കേരളീയം – 2026: ഓസ്‌ട്രേലിയയിൽ ചരിത്രമാവാനൊരുങ്ങി കേരളനാട് വായനശാലയുടെ സാഹിത്യ സാംസ്കാരിക മഹോത്സവം

സിഡ്നി: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് അഭിമാനമായി ‘കേരളനാട് വായനശാല’യുടെ ആഭിമുഖ്യത്തിൽ ‘കേരളീയം – 2026’ സാഹിത്യ സാംസ്കാരിക മഹോത്സവം അരങ്ങേറുന്നു. വായനയെയും എഴുത്തിനെയും സ്നേഹിക്കുന്ന പ്രവാസികൾക്കായി പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിജു ജേക്കബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളനാട് വായനശാലയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ ബ്രഹ്മാണ്ഡ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക തനിമയും മാതൃഭാഷയുടെ മാധുര്യവും പുതിയ തലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാംസ്കാരിക സംഗമം ഒരുക്കുന്നത്.

2026 നവംബർ 16 തിങ്കളാഴ്ച വൈകുന്നേരം 4:30 മുതൽ ഓറഞ്ച് സിവിക് തിയറ്ററിലാണ് (Orange Civic Theatre, 135 Byng Street, Orange, NSW 2800, Australia) പരിപാടി നടക്കുന്നത്. കേരള സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഓറഞ്ച് സിറ്റി കൗൺസിൽ മേയർ ടോണി മൈലെറ്റോ (Tony Mileto) മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത നാടകപ്രവർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ പ്രമോദ് വെളിയനാട്, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരിക്കും.

സാഹിത്യ ചർച്ചകൾ, കലാമത്സരങ്ങൾ, പുസ്തക പ്രകാശനങ്ങൾ, അവാർഡ് ദാനങ്ങൾ, മികച്ച നാടകാവതരണങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളാണ് കേരളീയം-2026-ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മാതൃഭാഷയോടുള്ള സ്നേഹം വരുംതലമുറയിലേക്ക് കൈമാറാനും പ്രവാസലോകത്ത് മലയാളിയുടെ സാംസ്കാരിക വേരുകൾ ആഴത്തിൽ പതിപ്പിക്കാനും ലക്ഷ്യമിടുന്ന ഈ മഹോത്സവത്തിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് +61 414 067 986 എന്ന ഫോൺ നമ്പറിലോ keralanaduu@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *