ഓറഞ്ചിൽ ചരിത്രമാവാനൊരുങ്ങി ‘കേരളീയം – 2026’; അന്താരാഷ്ട്ര സാഹിത്യ-സാംസ്കാരിക മഹോത്സവം നവംബർ 16-ന്

ഓറഞ്ച് (NSW): മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മഹത്വം ആഗോളതലത്തിൽ അടയാളപ്പെടുത്തിക്കൊണ്ട്, ഓസ്ട്രേലിയയിലെ ഓറഞ്ച് നഗരത്തിൽ ‘കേരളീയം – 2026’ (KLFA – Keralanadu Vayanasala Literary & Cultural Festival Australia) അന്താരാഷ്ട്ര സാഹിത്യ-സാംസ്കാരിക മഹോത്സവം അരങ്ങേറുന്നു. കേരളനാട് വായനശാലയും സാഹിതി സാംസ്കാരിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ബ്രഹ്മാണ്ഡ സാംസ്കാരിക സംഗമം 2026 നവംബർ 16 തിങ്കളാഴ്ച വൈകിട്ട് 4:30 മുതൽ ഓറഞ്ച് സിവിക് തിയേറ്ററിലാണ് (Orange Civic Theatre, 135 Byng Street, Orange NSW 2800) നടക്കുന്നത്. ഓറഞ്ച് നഗരത്തിന്റെ സാംസ്കാരിക വേദിയിൽ മലയാള പഠന ക്ലാസുകൾ, വായനാ പ്രോത്സാഹന പരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയമായ കേരളനാട് വായനശാലയുടെ സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ അന്താരാഷ്ട്ര മഹോത്സവം സംഘടിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള 17-ഓളം രാജ്യങ്ങളിലെ പ്രവാസി എഴുത്തുകാരെ ഒന്നിച്ചു കോർത്തിണക്കുന്ന ആഗോള സാംസ്കാരിക കൂട്ടായ്മയായ ‘സാഹിതി ഓവർസീസ്’-ന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രവർത്തനങ്ങളുടെ തുടക്കവും ഈ വേദിയിൽ വെച്ച് നിർവ്വഹിക്കപ്പെടും. ബിസിനസ്സ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രഗത്ഭരായ വ്യക്തികൾക്കുള്ള ബിസിനസ്സ് എക്സലൻസ് പുരസ്കാര ദാനം, ബഹുഭാഷാ സാംസ്കാരിക സംഗമങ്ങൾ, പുസ്തക പ്രകാശന പരമ്പരകൾ എന്നിവയും മഹോത്സവത്തിന്റെ ഭാഗമായി നടക്കും. ഇതിനുപുറമെ, മെൽബണിലെ പ്രശസ്ത നാടക ട്രൂപ്പായ ‘കാപ്റ്റ’-യുടെ (CAPTA) കീഴിൽ കേരള സാഹിത്യ അക്കാദമി നാടക പുരസ്കാര ജേതാവ് ഗിരീഷ് അവിയൂർ അവതരിപ്പിക്കുന്ന പ്രത്യേക നാടകവും, പ്രശസ്ത സിനിമാ-നാടക നടൻ പ്രമോദ് വെളിയനാടിന്റെ നേതൃത്വത്തിലുള്ള നാടകവും, വൈവിധ്യമാർന്ന നൃത്ത-സംഗീത വിരുന്നുകളും അരങ്ങേറും.

കേരള സാംസ്കാരിക വകുപ്പ് മന്ത്രി ബഹു. പി.സി. വിഷ്ണുനാഥ്, ഫെഡറൽ എം.പി ആൻഡ്രൂ ജീ (Hon. Andrew Gee MP), ഓറഞ്ച് നഗരസഭാ മേയർ ടോണി മിലെറ്റോ (Cr Tony Mileto), നടൻ പ്രമോദ് വെളിയനാട്, ബഷീർ പുരസ്കാര ജേതാവായ എഴുത്തുകാരൻ കെ. ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും ഓറഞ്ച് റൈറ്റേഴ്സ് ക്ലബ്ബിലെ അംഗങ്ങളും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംഗമിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. വ്യത്യസ്ത കമ്മ്യൂണിറ്റികൾ ഒത്തുചേരുന്ന ഈ മഹാസമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കേരളനാട് വായനശാല & മൾട്ടികൾച്ചറൽ സെന്ററുമായി keralanaduau@gmail.com എന്ന ഇമെയിലിലോ +61 414 067 986 എന്ന ഫോൺ/വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *