സിഡ്നി: വെസ്റ്റേൺ സിഡ്നിയിൽ അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ വാഹനാപകടത്തിൽ 14 വയസ്സുകാരന് ഗുരുതര പരിക്ക്. എലിസബത്ത് ഹിൽസിലെ ഏവിയേഷൻ റോഡിൽ ശനിയാഴ്ച പുലർച്ചെ 2.15-ഓടെയാണ് അപകടം നടന്നത്.
18 വയസ്സുള്ള പ്രൊവിഷണൽ (പി-പ്ലേറ്റ്) ലൈസൻസുകാരൻ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാറാണ് അപകടത്തിൽപ്പെട്ടത്. കനത്ത ആഘാതത്തിൽ കാർ ട്രക്കിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലായിരുന്നു പരിക്കേറ്റ 14-കാരൻ ഇരുന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വെസ്റ്റ്മീഡിലെ ദ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഡ്രൈവറെ ലിവർപൂൾ ആശുപത്രിയിലെത്തിച്ച് നിർബന്ധിത പരിശോധനകൾക്ക് വിധേയനാക്കി. സംഭവസ്ഥലത്ത് ക്രൈം സീൻ പ്രഖ്യാപിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട സി.സി.ടി.വി അല്ലെങ്കിൽ ഡാഷ്‌കാം ദൃശ്യങ്ങൾ ഉള്ളവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ല.

