പെരുമ്പാവൂരിൽ എം.വി.ഡിയുടെ മിന്നൽ പരിശോധന; 89 കേസുകളിലായി 2.68 ലക്ഷം രൂപ പിഴ

പെരുമ്പാവൂർ: സ്കൂൾ സമയങ്ങളിലെ വിലക്ക് ലംഘിച്ച് സർവീസ് നടത്തിയ ടിപ്പർ ലോറികൾക്കും അമിതഭാരം കയറ്റിയ വാഹനങ്ങൾക്കുമെതിരെ പെരുമ്പാവൂർ മേഖലയിൽ മോട്ടോർ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 89 കേസുകളിലായി 2,68,750 രൂപ പിഴ ഈടാക്കി. നാല് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളായി തിരിഞ്ഞ് പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, നെടുങ്ങപ്ര എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

നിരോധിത സമയത്ത് സർവീസ് നടത്തിയ ഏഴ് ടിപ്പർ ലോറികൾക്കെതിരെ ഉദ്യോഗസ്ഥർ കേസെടുത്തു. ബോഡിയിൽ നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയ ഏഴ് ടിപ്പറുകൾക്ക് 45,000 രൂപ പിഴ ചുമത്തിയതിന് പുറമെ നികുതി അടയ്ക്കാതെ നിരത്തിലിറങ്ങിയ രണ്ട് വാഹനങ്ങളും പിടികൂടി. അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റിയ രണ്ട് വാഹനങ്ങളിൽ നിന്നായി 65,000 രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. ഇവയ്ക്ക് പുറമെ വിവിധ ഗതാഗത നിയമലംഘനങ്ങൾക്കായി 71 കേസുകൾ വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്കൂൾ സമയങ്ങളിലെ ടിപ്പർ സർവീസ് റോഡ് സുരക്ഷയ്ക്കും വിദ്യാർഥികളുടെ ജീവനും ഒരുപോലെ ഭീഷണിയാണെന്നും, വരും ദിവസങ്ങളിലും പരിശോധന കൂടുതൽ കർശനമായി തുടരുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വ്യക്തമാക്കി. വാഹന ഉടമകളും ഡ്രൈവർമാരും സമയക്രമവും അനുവദനീയമായ ഭാരപരിധിയും കർശനമായി പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *