മുഖപ്രസംഗം
ആധുനികതയുടെ ആവേശം കടലാഴങ്ങളോളും മാറ്റിയ ഇന്നത്തെ മനുഷ്യ അസ്ഥിത്തൻ്റെ ഉൾത്തുടിപ്പുകൾ ടൈപ്പ് ചെയ്ത് നിമിഷങ്ങൾക്കകം ഡെലിവർ ആകുന്ന വാട്സാപ്പ് സന്ദേശങ്ങൾക്കും ഇമെയിലുകൾക്കും മുൻപ്, ഒരു കടലാസുതുണ്ടിൽ മനം നിറയെ സ്നേഹമെഴുതി കാത്തിരുന്ന ഒരു സുവർണ്ണ കാലമുണ്ടായിരുന്നു. കാത്തിരിപ്പിന്റെയും ആത്മാർത്ഥമായ വികാരങ്ങളുടെയും ആ മനോഹരമായ ഓർമ്മകളെ തിരികെവിളിച്ചുകൊണ്ട് ഇന്ന് (സെപ്റ്റംബർ 1) ലോക കത്തെഴുത്ത് ദിനം (World Letter Writing Day) ആചരിക്കുന്നു.
ഡിജിറ്റൽ യുഗത്തിന്റെ അതിവേഗത്തിൽ വിരൽത്തുമ്പിലൂടെ വികാരങ്ങൾ ഇമോജികളായി ഒതുങ്ങുമ്പോൾ, കൈപ്പടയിലെഴുതിയ കത്തുകൾ പകർന്നുനൽകിയ അനുഭൂതി പുതുതലമുറയ്ക്ക് ഒരത്ഭുതമായി മാറുകയാണ്. വിരൽ തുമ്പിലെ അധുനിക വിസ്മയങ്ങൾക്ക് മുൻമ്പ് മനുഷ്യ വിചാരങ്ങൾ സംവേദിച്ച
ഓർമ്മകളിലെ ആ പഴയ ചുവന്ന പോസ്റ്റ് ബോക്സും അതിൽകുടി പ്രവഹിച്ചിരുന്ന ആശയ വ്യവഹരങ്ങളും ഓർമ്മകൾ മാത്രമായി.
കാത്തിരിപ്പിന്റെ മാധുര്യം: പോസ്റ്റ്മാന്റെ സൈക്കിൾ മണി കേൾക്കാൻ കാതോർത്തിരുന്ന ഉച്ചനേരങ്ങളും, ഇൻലാൻഡിലും പോസ്റ്റ് കാർഡിലും തുളുമ്പിനിന്ന ഗൃഹാതുരത്വവും മലയാളിയുടെ വൈകാരിക ചരിത്രത്തിന്റെ ഭാഗമാണ്.
അക്ഷരങ്ങളിലെ സ്പർശം: അക്ഷരത്തെറ്റുകൾ വെട്ടിത്തിരുത്തിയ വരകളിലും കണ്ണീർ വീണു കുതിർന്ന മഷിയടയാളങ്ങളിലും ഓരോ മനുഷ്യന്റെയും യഥാർത്ഥ വികാരങ്ങൾ പ്രതിഫലിച്ചിരുന്നു.
നാട്ടിലേക്കുള്ള ദൂരം കുറച്ച കത്തുകളുടെ കാലം. പ്രവാസത്തിന്റെ ഏകാന്തതകളിൽ നിന്ന് കുടുംബത്തിലേക്ക് അയച്ച എയർമെയിൽ കത്തുകൾ അന്ന് കേവലം സന്ദേശങ്ങളായിരുന്നില്ല, ജീവശ്വാസം തന്നെയായിരുന്നു.
2014-ൽ ഓസ്ട്രേലിയൻ എഴുത്തുകാരനായ റിച്ചാർഡ് സിംപ്കിനാണ് കൈയെഴുത്ത് കത്തുകളുടെ സൗന്ദര്യവും മൂല്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.
വിവരസാങ്കേതികവിദ്യ ലോകത്തെ ചെറുതാക്കിയെങ്കിലും മനുഷ്യബന്ധങ്ങളിലെ ആഴം കുറയുന്നുവെന്ന തിരിച്ചറിവാണ് കത്തെഴുത്ത് ദിനത്തെ കൂടുതൽ പ്രസക്തമാക്കുന്നത്.
ഈ കത്തെഴുത്ത് ദിനത്തിൽ മൊബൈൽ ഫോൺ അല്പനേരം മാറ്റിവെച്ച്, പ്രിയപ്പെട്ട ആർക്കെങ്കിലും സ്വന്തം കൈപ്പടയിൽ ഒരു കത്തെഴുതാം; ഡിജിറ്റൽ ലോകം അപഹരിച്ച ആ പഴയ സ്നേഹത്തിന്റെ തനിമയെ ഒരിക്കൽക്കൂടി തൊട്ടറിയാം.
കത്തുകൾ എഴുതിയകാലത്തിൻ്റെ,
കത്തുകൾ കാത്തിരുന്ന കാലത്തിൻ്റെ, കാലയവനികയിൽ മറഞ്ഞ കത്തുകൾക്ക് സ്നേഹ പ്രണാമം.
ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട്
ചീഫ് എഡിറ്റർ

