ഓക്ക്ലൻഡ്: ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ് വഴി വ്യാജ വിൽപ്പനകൾ നടത്തി 13,000 ഡോളറിലധികം തട്ടിയെടുത്ത 42-കാരനായ ഓക്ക്ലൻഡ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ഇലക്ട്രോണിക്സ് സാധനങ്ങൾ, സംഗീതോപകരണങ്ങൾ, ഫിഷിംഗ് റീലുകൾ, ലെഗോ, പോക്കിമോൻ കാർഡുകൾ എന്നിവ വിൽപ്പനയ്ക്കുണ്ടെന്ന് പരസ്യം നൽകിയാണ് ഇയാൾ വ്യാപകമായി പണം തട്ടിയത്.
ഉപഭോക്താക്കളിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം ഉൽപ്പന്നങ്ങൾ നൽകാതെ കബളിപ്പിച്ചതിനെ തുടർന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, ആർക്കിൾസ് ബേയിലുള്ള വസതിയിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വഞ്ചനയുൾപ്പെടെ 22-ഓളം കേസുകൾ ചുമത്തിയ പ്രതിയെ നോർത്ത് ഷോർ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഇടപാടുകൾ നടത്തുന്നവർ ഉൽപ്പന്നങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടാതെ പണം കൈമാറരുതെന്നും വ്യാജ ബാങ്ക് ട്രാൻസ്ഫറുകൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും ന്യൂസിലൻഡ് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ക്രയവിക്രയങ്ങൾക്ക് ട്രേഡ്മി (TradeMe) പോലുള്ള സുരക്ഷിതമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

