സിഡ്നി: പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ കോൾസും (Coles) ന്യൂ സൗത്ത് വെയിൽസ് പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ പതിനായിരത്തിലധികം ഡോളറിന്റെ ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നു. സൂപ്പർമാർക്കറ്റുകളിൽ നിന്ന് ആപ്പിൾ ഗിഫ്റ്റ് കാർഡുകൾ എടുത്തുമാറ്റുകയും തിരികെ വയ്ക്കുകയും ചെയ്യുന്ന ഒരു യുവാവിനെ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കോൾസിന്റെ തട്ടിപ്പ് വിരുദ്ധ വിഭാഗം (fraud team) സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിഞ്ഞത്.
സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ നടത്തിയ പരിശോധനയിൽ ഷെൽഫുകളിൽ കൃത്രിമം കാണിച്ച കാർഡുകളും സ്റ്റോക്ക് കുറവുകളും കണ്ടെത്തി. തുടർന്ന് വിവരം ലഭിച്ച ന്യൂ സൗത്ത് വെയിൽസ് പോലീസ് ഇയാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്ന് ഈസ്റ്റ്‌വുഡിലുള്ള ഇയാളുടെ വീട്ടിലും കാറിലും പോലീസ് നടത്തിയ പരിശോധനയിൽ 56 ആപ്പിൾ, ഐട്യൂൺസ് കാർഡുകൾ പിടിച്ചെടുത്തു. ആകെ പതിനായിരത്തിലധികം ഡോളർ മൂല്യം വരുന്ന 61 കാർഡുകളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കോടതി ശിക്ഷിച്ചു.
ഒരു ക്രിമിനൽ സംഘം തനിക്ക് ഇതിനായി പണം നൽകി ഏർപ്പാടാക്കിയതാണെന്ന് 32-കാരനായ പ്രതി കോടതിയെ അറിയിച്ചു. ആദ്യഘട്ടത്തിൽ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നെങ്കിലും, 15 മാസത്തെ സസ്പെൻഡഡ് തടവുശിക്ഷയും രണ്ടു വർഷത്തെ കമ്മ്യൂണിറ്റി കറക്ഷൻസ് ഓർഡറുമാണ് (CCO) ഇയാൾക്ക് കോടതി വിധിച്ചത്. ഇതോടെ പ്രതിക്ക് നേരിട്ടുള്ള ജയിൽവാസം ഒഴിവാകുകയായിരുന്നു. സംഘടിതമായ ഇത്തരം ഗിഫ്റ്റ് കാർഡ് തട്ടിപ്പുകൾ തടയുന്നതിന് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

