ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ തിളങ്ങി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ഇടംനേടി ക്രിസ്റ്റൻ കുര്യാക്കോസ്

ടൗൺസ്‌വിൽ: ടൗൺസ്‌വില്ലിലെ ക്രിക്കറ്റ് മൈതാനങ്ങളിൽ നിന്ന് ഓസ്‌ട്രേലിയൻ ജൂനിയർ ക്രിക്കറ്റിന്റെ വലിയ വേദികളിലേക്ക് ശ്രദ്ധേയമായ ചുവടുവെപ്പുമായി മലയാളി ബാലൻ ക്രിസ്റ്റൻ കുര്യാക്കോസ്. 12 വയസ്സുകാരനായ ഈ യുവതാരം വേഗതയാർന്ന ബൗളിങ്ങിനൊപ്പം കൃത്യതയാർന്ന യോർക്കറുകളും മികച്ച ഇൻസ്വിംഗറുകളും എറിഞ്ഞ് ജൂനിയർ സർക്യൂട്ടിൽ ഇതിനകം തന്നെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു.

കഴിഞ്ഞ നോർത്ത് ക്വീൻസ്‌ലാൻഡ് ക്രിക്കറ്റ് കാർണിവലിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ക്രിസ്റ്റൻ, ഫൈനലിൽ മാത്രം ആറ് വിക്കറ്റുകൾ സ്വന്തമാക്കി ടീമിന്റെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം എന്നതിനൊപ്പം മികച്ച ബൗളർക്കുള്ള പുരസ്കാരവും ക്രിസ്റ്റൻ സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് സീസണുകളിലും ടൗൺസ്‌വില്ലിലെ ഏജ്-ഗ്രൂപ്പ് ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയതും ഈ മലയാളി പ്രതിഭയായിരുന്നു.

ഈ മിന്നും പ്രകടനങ്ങളുടെ കരുത്തിൽ ‘നോർത്തേൺ സ്കൂൾബോയ്സ്’ ടീമിലേക്കും ക്രിസ്റ്റൻ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബ്രിസ്‌ബേനിലെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നോർത്ത് ക്വീൻസ്‌ലാൻഡിനെ പ്രതിനിധീകരിക്കാനുള്ള സുവർണ്ണാവസരമാണ് താരത്തിന് കൈവന്നിരിക്കുന്നത്.

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ജോ സ്കാറ്റേരി, മുൻ ശ്രീലങ്കൻ നാഷണൽ ജൂനിയർ ടീം പരിശീലകൻ സമിത് ധനുഷ്ക എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ക്രിസ്റ്റൻ പരിശീലനം നേടുന്നത്. ബ്രെറ്റ് ലീ, ഗ്ലെൻ മക്ഗ്രാത്ത് തുടങ്ങിയ ഇതിഹാസ പേസർമാരെ മാതൃകയാക്കുന്ന ക്രിസ്റ്റന് മാതാപിതാക്കളായ കുര്യാക്കോസ് തോപ്പിൽ, സ്റ്റിനി കുര്യാക്കോസ്, സഹോദരിമാരായ മെൽറോസ്, ഇസബെല്ല എന്നിവരും ടൗൺസ്‌വില്ലിലെ മലയാളി സമൂഹവും പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *