ലഖ്നൗ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളിൽ ജോലിയിൽ വീഴ്ച വരുത്തുകയും ദീർഘകാലമായി അനുമതിയില്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുകയും ചെയ്ത 26 സർക്കാർ ഡോക്ടർമാരെ സംസ്ഥാന സർക്കാർ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു. ഇതിനുപുറമെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ലംഘിച്ചതിനും ചികിത്സാ കാര്യങ്ങളിൽ അനാസ്ഥ കാണിച്ചതിനും ഒമ്പത് ഡോക്ടർമാർക്കെതിരെ കർശന വകുപ്പുതല അന്വേഷണത്തിനും നടപടികൾക്കും ഉത്തരവിട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ബ്രജേഷ് പഥകിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഈ നിർണായക നടപടി.
ഫിറോസാബാദ്, അലീഗഢ്, ഗാസീപ്പൂർ, ലഖ്നൗ, ഹർദോയി, ഗൊരഖ്പൂർ തുടങ്ങി വിവിധ ജില്ലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജനറൽ ആശുപത്രികളിലും സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർമാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പിരിച്ചുവിടപ്പെട്ടവരിൽ ജനറൽ സർജന്മാർ, ഗൈനക്കോളജിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, ഇ.എൻ.ടി വിദഗ്ദ്ധർ എന്നിവരുൾപ്പെടുന്നു. സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കേണ്ട സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ അഭാവം ജനങ്ങളെ ദുരിതത്തിലാക്കുന്നു എന്ന പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ പുനഃപരിശോധന നടന്നത്.
സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് കൃത്യസമയത്ത് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുക എന്നത് ഡോക്ടർമാരുടെ പ്രാഥമിക കടമയാണെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വ്യക്തമാക്കി. ജോലിയിൽ വീഴ്ച വരുത്തുന്നവരെയും ഔദ്യോഗിക ചുമതലകൾ പാലിക്കാത്തവരെയും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ഒ.പി, ഐ.പി വിഭാഗങ്ങളുടെ പ്രവർത്തനം ആരോഗ്യ മന്ത്രാലയം നേരിട്ട് നിരീക്ഷിക്കുമെന്നും വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടികൾ തുടരുമെന്നും സർക്കാർ അറിയിച്ചു.

