ഇന്ത്യൻ മൈക്രോ ഫുട്‌സാൾ ടീമിൽ ഇടംനേടി മലയാളി താരം അജ്‌വാദ് പി.പി

വെളിയംപാടം: റഷ്യയിൽ വെച്ച് നടക്കുന്ന അണ്ടർ-19 അന്താരാഷ്ട്ര മൈക്രോ ഫുട്‌സാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ദേശീയ ടീമിൽ മലയാളി താരം അജ്‌വാദ് പി.പി ഇടംനേടി. ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ് അജ്‌വാദ്.

കഴിഞ്ഞ ആഴ്ച ഗോവയിൽ നടന്ന അണ്ടർ-19 ദേശീയ മൈക്രോ ഫുട്‌സാൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ യുവതാരത്തിന് ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്.

മലപ്പുറം ജില്ലയിലെ വെളിയംപാടം സ്വദേശിയായ പുത്തൻപീടികയിൽ അലിക്കുട്ടി പി.പിയുടെ മകനാണ് അജ്‌വാദ്. ഇവരുടെ കുടുംബം ഇപ്പോൾ കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് ‘മലബാർ ദം ബിരിയാണി’ എന്ന പേരിൽ വ്യാപാരസ്ഥാപനം നടത്തിവരികയാണ്. റഷ്യയിൽ നടക്കുന്ന രാജ്യാന്തര പോരാട്ടത്തിൽ രാജ്യത്തിനായി പന്തുതട്ടാൻ ഒരുങ്ങുന്ന അജ്‌വാദിന് നാടിന്റെ നാനാതുറകളിൽ നിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *