പത്തനംതിട്ട: ജില്ലയിലെ മഴക്കെടുതി ധനസഹായ വിതരണം ഉടൻ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. പ്രകൃതിക്ഷോഭത്തെ തുടർന്ന് വെള്ളം കയറിയ കുടുംബങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ വീതമുള്ള ധനസഹായം അടിയന്തരമായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കളക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായ കുടുംബങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും സെപ്റ്റംബർ അഞ്ച് മുതൽ തുക വിതരണം ചെയ്യും. ജനങ്ങൾക്ക് ലഭ്യമാകേണ്ട ധനസഹായം പരമാവധി വേഗത്തിലും സുതാര്യമായും എത്തിക്കുക എന്നതാണ് സർക്കാർ നയം. കൂടാതെ, കാലവർഷക്കെടുതി നേരിടാൻ ജില്ലയിൽ സ്ഥിരം സംവിധാനം ഒരുക്കുമെന്നും സാങ്കേതിക വശങ്ങൾ പഠിച്ച് മഴക്കെടുതിയുടെ ആഘാതം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയിൽ ഡിജിറ്റൽ സർവേ പുരോഗമിക്കുകയാണെന്ന് മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം പരാതികൾ ഉണ്ടായിരുന്നുവെങ്കിലും ചുരുങ്ങിയ കാലയളവിൽ പകുതിയോളം പരിഹരിക്കാനായി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ശേഷിക്കുന്ന പരാതികളും കാലതാമസമില്ലാതെ പരിഹരിക്കും.
പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് മുടങ്ങിക്കിടക്കുന്നവ പട്ടയമേള സംഘടിപ്പിച്ച് വിതരണം ചെയ്യും. ജില്ലയിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം, ഭൂമി പതിച്ചുനൽകൽ, കയ്യേറ്റം ഒഴിപ്പിക്കൽ, ഭൂമി തരംമാറ്റം, നികുതി പിരിവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പരാതിപരിഹാര പോർട്ടൽ തുടങ്ങിയ വിവിധ വിഷയങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
യോഗത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, സർവേ ഭൂരേഖ വകുപ്പ് ഡയറക്ടർ ജെ.ഒ. അരുൺ, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

