സിഡ്നി: സിഡ്നിയിലെ കുറ്റകൃത്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സാക്കി മല്ലായ്ക്ക് (Zaky Mallah) ഗുണ്ടാസംഘങ്ങളുടെ വധഭീഷണിയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ്. അധോലോക സംഘങ്ങൾ തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിൽ ഇയാളുടെ പേരുമുണ്ടെന്നാണ് ന്യൂ സൗത്ത് വെയിൽസ് പോലീസിലെ റാപ്റ്റർ സ്ക്വാഡ് നൽകിയ വിവരം.
ഒരു റെയ്ഡിനിടെ ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജീവന് അടിയന്തര ഭീഷണിയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി സാക്കി മല്ലാ വ്യക്തമാക്കി. ഉടൻ തന്നെ താമസം മാറാൻ പോലീസ് നിർദ്ദേശിച്ചതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഇയാൾ മറ്റ് സംസ്ഥാന ങ്ങളിലേക്ക് മാറിമാറി താമസിക്കുകയാണ്. അപകട സാധ്യതകൾ മുൻകൂട്ടി അറിയാൻ ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. പേജ് പൂട്ടാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തനം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല. സിഡ്നിയിൽ നടക്കുന്ന വെടിവെപ്പുകൾ, തീവെപ്പുകൾ, തട്ടിക്കൊണ്ടുപോകലുകൾ തുടങ്ങിയ അധോലോക കുറ്റകൃത്യങ്ങൾ തുറന്നുകാട്ടിയതാണ് തന്നെ ലക്ഷ്യമിടാൻ കാരണമെന്നാണ് മല്ലാ കരുതുന്നത്.
അനുഭവപരിചയമില്ലാത്ത കൗമാരക്കാരെയും യുവാക്കളെയും ക്വട്ടേഷൻ കൊലയാളികളായി ക്രിമിനൽ സംഘങ്ങൾ റിക്രൂട്ട് ചെയ്യുന്നതും, ആളുമാറി നിരപരാധികൾ കൊല്ലപ്പെടുന്നതും ഓസ്ട്രേലിയയിൽ ഗുണ്ടാ അക്രമങ്ങളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെ യുദ്ധക്കളമാക്കാൻ അനുവദിക്കരുതെന്നും, അനധികൃത തോക്കുകൾ കൈവശം വെക്കുന്നവർക്കും അധോലോക നേതാക്കൾക്കും ക്വട്ടേഷൻ നൽകുന്നവർക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.

