റോഡരികിൽ തള്ളിയ മാലിന്യങ്ങൾ സ്വന്തം വാനിൽ നീക്കം ചെയ്ത് സിഡ്നി സ്വദേശിയായ തോട്ടക്കാരൻ

സിഡ്നി: പൊതുസ്ഥലങ്ങളിലും റോഡരികുകളിലും മാലിന്യം തള്ളുന്നതിനെതിരെ വേറിട്ട മാതൃകയുമായി സിഡ്നിയിലെ കാംബെൽടൗൺ സ്വദേശിയായ തോട്ടക്കാരൻ ടിം പിക്കിൾസ്. കാംഡനും കോബിറ്റിക്കും സമീപം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ പാർട്സുകൾ അടങ്ങിയ ഒരു അലമാര കണ്ടതിനെ തുടർന്നാണ് അദ്ദേഹം മാലിന്യങ്ങൾ നീക്കം ചെയ്യാൻ മുന്നിട്ടിറങ്ങിയത്.

തന്റെ യാത്രയ്ക്കിടയിൽ ഒരു തോട്ടിൽ നിന്ന് ടയറുകൾ, ഫർണിച്ചറുകൾ, ഒരു ഓഫീസ് ചെയർ തുടങ്ങിയ നിരവധി വസ്തുക്കൾ ശേഖരിച്ചതോടെ അദ്ദേഹത്തിന്റെ വാൻ പൂർണ്ണമായും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു. മെനാങ്കിൾ മുതൽ കാംബെൽടൗൺ വരെയുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ വലിയ തോതിൽ മാലിന്യങ്ങൾ തള്ളിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

രാജ്യവ്യാപകമായി അനധികൃത മാലിന്യനിക്ഷേപം വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണെന്ന് ടിം പിക്കിൾസ് വ്യക്തമാക്കുന്നു. പൊതുഭൂമിയിൽ നിരന്തരമായി മാലിന്യം തള്ളുന്നത് തടയാനോ നീക്കം ചെയ്യാനോ തദ്ദേശ ഭരണകൂടങ്ങൾക്ക് നിലവിൽ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് നേരെ കണ്ണടയ്ക്കാതെ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത പിക്കിൾസ്, സ്വന്തം പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ മുന്നിട്ടിറങ്ങാൻ മറ്റ് ഓസ്‌ട്രേലിയൻ പൗരന്മാരോടും ആഹ്വാനം ചെയ്യുകയാണ്. അതേസമയം, അനധികൃത മാലിന്യനിക്ഷേപം തടയാൻ കനത്ത പിഴയും നിർബന്ധിത ശുചീകരണ ഉത്തരവുകളും നടപ്പാക്കണമെന്ന ആവശ്യത്തിനൊപ്പം വേസ്റ്റ് ടിപ്പ് ഫീസുകൾ കുറയ്ക്കണമെന്ന ചർച്ചകളും ശക്തമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *