സിഡ്നി: ഇന്ത്യയുമായുള്ള 7 ബില്യൺ ഡോളറിന്റെ ശക്തമായ ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസ് (എൻ.എസ്.ഡബ്ല്യു) ഉന്നതതല സംഘം ഇന്ത്യ സന്ദർശിച്ചു. എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ്, ട്രഷറർ ഡാനിയൽ മൂഖി എം.എൽ.സി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലെത്തി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരുമായും ടാറ്റ, മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു തുടങ്ങിയ പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ പ്രതിനിധികളുമായും അവർ ചർച്ച നടത്തി. ന്യൂ സൗത്ത് വെയിൽസിന്റെ ട്രാഫിക് കൺട്രോൾ സംവിധാനമായ ‘സ്കാറ്റ്സും’ (SCATS) പ്രമുഖ ഐടി കമ്പനിയായ എച്ച്.സി.എൽ ടെക്കും (HCLTech) തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പുതിയ പങ്കാളിത്തത്തിന് സന്ദർശനത്തിൽ ധാരണയായി. ഇതിനുപുറമെ, കോൾ ഇന്ത്യ ഉൾപ്പെടെയുള്ള വമ്പൻ സ്ഥാപനങ്ങളുമായി നിർണായക ധാതു (Critical Minerals) മേഖലയിലെ നിക്ഷേപ സാധ്യതകളും സംഘം ആരാഞ്ഞു.
വ്യാപാര-സാമ്പത്തിക ചർച്ചകൾക്കപ്പുറം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക മേഖലയുമായും സംഘം സംവദിച്ചു. ബോളിവുഡ് താരം സണ്ണി ഡിയോളുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ, മുംബൈയിലെ പ്രശസ്തരായ ഡബ്ബാവാലകളെ നേരിൽക്കണ്ട് അവരുടെ പ്രവർത്തനരീതികൾ മനസ്സിലാക്കുകയും ചെയ്തു. സന്ദർശനത്തിന്റെ മറ്റൊരു പ്രധാന നേട്ടമായി വെസ്റ്റേൺ സിഡ്നിക്ക് വലിയൊരു സാംസ്കാരിക വിരുന്നും പ്രഖ്യാപിക്കപ്പെട്ടു; വിഖ്യാതമായ ‘ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ’ 2027 ഓഗസ്റ്റിൽ പാരാമറ്റയിലെ പവർഹൗസ് മ്യൂസിയത്തിൽ അരങ്ങേറും.

