കാൻബറ: ഓസ്ട്രേലിയയുടെ ദേശീയ ചിഹ്നങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനായി കർശനമായ ഫെഡറൽ നിയമങ്ങൾ കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ രംഗത്ത്. ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
പുതിയ നിർദ്ദേശപ്രകാരം, പൊതുസ്ഥലങ്ങളിൽ വെച്ച് ഓസ്ട്രേലിയൻ ദേശീയ പതാക കത്തിക്കുകയോ ഗുരുതരമായി അപമാനിക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാം. കൂടാതെ, യുദ്ധസ്മാരകങ്ങൾ മനഃപൂർവ്വം നശിപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് 10 വർഷം വരെ തടവുശിക്ഷ നൽകണമെന്ന ശക്തമായ ശിക്ഷാ നിർദ്ദേശവും പ്രതിപക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പതാക കത്തിക്കുന്നത് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമോ എന്നതിനെച്ചൊല്ലി ഓസ്ട്രേലിയൻ രാഷ്ട്രീയ-പൊതുമണ്ഡലങ്ങളിൽ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

