മെൽബൺ: വിക്ടോറിയയിലെ ഗ്രാമീണ, റീജിയണൽ ആശുപത്രികളിലെ കടുത്ത ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി 40 മില്യൺ ഡോളറിന്റെ സമഗ്ര പദ്ധതി പ്രഖ്യാപിച്ച് വിക്ടോറിയൻ ലിബറൽ-നാഷണൽ സഖ്യം. കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ, മിഡ്‌വൈഫുമാർ, അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവരെ റീജിയണൽ മേഖലകളിലേക്ക് ആകർഷിക്കുന്നതിനും അവരെ അവിടെ നിലനിർത്തുന്നതിനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
സഖ്യം മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം, ഗ്രാമീണ മേഖലകളിൽ സേവനത്തിനെത്തുന്ന യോഗ്യരായ ആരോഗ്യ പ്രവർത്തകർക്ക് പ്രാരംഭ ആനുകൂല്യമായി 10,000 ഡോളർ വരെ മുൻകൂറായി ലഭിക്കും. തുടർന്ന് അവിടെ സേവനം ചെയ്യുന്ന ഓരോ വർഷവും 10,000 ഡോളർ വീതം അധിക ധനസഹായവും ലഭ്യമാക്കും. ഇതിനുപുറമെ, ജോലി മാറുന്നതുമായി ബന്ധപ്പെട്ട റീലൊക്കേഷൻ സഹായം, താമസസൗകര്യങ്ങൾ എന്നിവയും പാക്കേജിന്റെ ഭാഗമായി നൽകും. പുതിയതായി നിർമ്മിക്കുന്ന റീജിയണൽ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേക താമസസൗകര്യങ്ങൾ ഒരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
കൂടുതൽ ആരോഗ്യ പ്രവർത്തകരെ എത്തിക്കുക, ഗ്രാമീണ ആശുപത്രികളെ ശാക്തീകരിക്കുക, പ്രാദേശിക ജനങ്ങൾക്ക് വീടുകൾക്ക് സമീപം തന്നെ മികച്ച ചികിത്സ ഉറപ്പാക്കുക എന്നിവയാണ് തങ്ങളുടെ ലളിതമായ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ വ്യക്തമാക്കി. റീജിയണൽ ആശുപത്രികൾ ജീവനക്കാരുടെ കുറവ് മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ആരോഗ്യ പ്രവർത്തകരെ ഈ മേഖലകളിലേക്ക് ആകർഷിക്കാൻ ഈ സുപ്രധാന പദ്ധതിക്ക് സാധിക്കുമെന്നാണ് സഖ്യത്തിന്റെ പ്രതീക്ഷ.

