മെൽബൺ: വിസ ദുരുപയോഗം തടയുന്നതിന്റെയും അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന്റെയും ഭാഗമായി ജനപ്രിയ കോഴ്സായ ‘ഗ്രാജ്വേറ്റ് ഡിപ്ലോമ ഓഫ് മാനേജ്‌മെന്റ് (ലേണിംഗ്) – BSB80120’ ലേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പുതിയ പ്രവേശനം നിർത്തിവെക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. ആൽബനീസ് സർക്കാർ പുതിയ നിയമനിർമ്മാണ അധികാരം ഉപയോഗിച്ച് ഒരു പ്രത്യേക കോഴ്സിന് നേരെ ആദ്യമായാണ് ഇത്തരമൊരു കടുത്ത നടപടി സ്വീകരിക്കുന്നത്.
രാജ്യത്ത് നിലവിൽ 452 വെറ്റ് (VET) പ്രൊവൈഡർമാർക്ക് കീഴിലായി 41,033 ആക്ടീവ് കൺഫർമേഷൻ ഓഫ് എൻറോൾമെന്റുകൾ (CoEs) ഉള്ള ഈ കോഴ്സിൽ, 15,772 വിദേശ വിദ്യാർത്ഥികൾ നിലവിൽ പഠനം നടത്തുന്നുണ്ട്. ഈ കോഴ്സ് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ വിദ്യാർത്ഥികളെ ചേർക്കുന്നതിനുള്ള ക്രികോസ് (CRICOS) രജിസ്ട്രേഷൻ റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിക്കില്ലെന്നും അവർക്ക് കോഴ്സ് പൂർത്തിയാക്കാൻ അവസരമുണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെത്തിയ ശേഷം വിസ കാലാവധി നീട്ടുന്നതിനും കോഴ്സുകൾ മാറ്റി രജിസ്റ്റർ ചെയ്യുന്നതിനും വേണ്ടി പല വിദ്യാർത്ഥികളും ഏജന്റുമാരും ഈ കോഴ്സ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിസ നിരസിക്കപ്പെടുന്ന നിരക്കും കോഴ്സ് പൂർത്തിയാക്കാത്തവരുടെ എണ്ണവും ഈ പ്രോഗ്രാമിൽ വളരെ കൂടുതലാണെന്ന് വ്യക്തമായതോടെയാണ് അസിസ്റ്റന്റ് മിനിസ്റ്റർ ജൂലിയൻ ഹിൽ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ചില ഏജൻസികളും സ്ഥാപനങ്ങളും നടത്തുന്ന ക്രമക്കേടുകൾ കാരണം സത്യസന്ധരായ വിദ്യാർത്ഥികളും പ്രതിസന്ധിയിലാകുന്ന പശ്ചാത്തലത്തിൽ, രാജ്യാന്തര തലത്തിൽ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

