മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു

ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എം.എൽ.എയും ഇടുക്കിയിലെ ആദ്യ ഡി.സി.സി പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിയാനി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അന്ത്യം. തൊടുപുഴ സ്വദേശിയാണ്.

ഇടുക്കി ജില്ല രൂപീകരിച്ച ശേഷമുള്ള പ്രഥമ ഡി.സി.സി പ്രസിഡന്റായിരുന്ന അദ്ദേഹം 1980, 1982 വർഷങ്ങളിൽ ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തി. നിയമസഭയിലെ പെറ്റീഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ അടുത്ത അനുയായിയായിരുന്ന ജോസ് കുറ്റിയാനി എ.ഐ.സി.സി അംഗമായും കെ.പി.സി.സി നിർവാഹക സമിതി അംഗമായും ദീർഘനാൾ പ്രവർത്തിച്ചു.

ഹൈക്കോടതി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, സ്റ്റുഡന്റ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, നാഫെഡ് (NAFED) വൈസ് ചെയർമാൻ തുടങ്ങി നിരവധി ചുമതലകളും വഹിച്ചിട്ടുണ്ട്. ഭൗതികദേഹം ചൊവ്വാഴ്ച രാവിലെ തൊടുപുഴയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം പിന്നീട് നടക്കും

Leave a Reply

Your email address will not be published. Required fields are marked *