തുറവൂർ കുടുംബാരോഗ്യകേന്ദ്രത്തിന് എൻ ക്യു എ എസ് അംഗീകാരം

തുറവൂർ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് (NQAS) ലഭിച്ചു. ദേശീയതലത്തിൽ നടന്ന കർശനമായ വിലയിരുത്തലുകളിലും പരിശോധനയിലും 93.67 ശതമാനം പോയിന്റുകൾ നേടിയാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ഇതോടെ ജില്ലയിൽ എൻ.ക്യു.എ.എസ്. അംഗീകാരം നേടുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 25 ആയി ഉയർന്നു.

രോഗികൾക്ക് ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾ, മരുന്നുകളുടെ കൃത്യമായ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങളുടെ നിലവാരം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര പ്രകടനം അടിസ്ഥാനമാക്കിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിനായി ആശുപത്രികളെ പരിഗണിക്കുന്നത്. മൂന്ന് വർഷത്തെ കാലാവധിയാണ് ഈ അംഗീകാരത്തിനുള്ളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയും, കൂടാതെ എല്ലാ വർഷവും സംസ്ഥാനതല പരിശോധനയും നടക്കും.

കൂടുതൽ ആരോഗ്യസ്ഥാപനങ്ങളെ എൻ.ക്യു.എ.എസ്. നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിവരുന്നതെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹനീഷ് എം.എം. വ്യക്തമാക്കി. ആശുപത്രികളുടെ അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങൾ വർധിപ്പിച്ചും ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്തിയുമാണ് ആരോഗ്യമേഖല മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *