സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; രാത്രികാല നിയന്ത്രണം തുടർന്നേക്കും

തിരുവനന്തപുരം: കഠിനമായ ചൂടും വിപണിയിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. പല പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്ന സാഹചര്യത്തിൽ, സമാനമായ ലോഡ്ഷെഡിംഗ് നിയന്ത്രണങ്ങൾ ഇന്നും തുടർന്നേക്കുമെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന.

മഴ മാറിനിൽക്കുന്നതും അന്തരീക്ഷ താപനില വർദ്ധിച്ചതുമാണ് പെട്ടെന്ന് വൈദ്യുതി ആവശ്യകത കുത്തനെ ഉയരാൻ കാരണമായത്. മുൻകൂട്ടി കണക്കാക്കിയതിനേക്കാൾ വളരെ ഉയർന്ന ഡിമാൻഡാണ് വൈകുന്നേരങ്ങളിൽ രേഖപ്പെടുത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് കൽക്കരി ലഭ്യത കുറഞ്ഞത് കേന്ദ്ര വിഹിതത്തിൽ വൻ ഇടിവുണ്ടാകാൻ വഴിവെച്ചു. കഴിഞ്ഞ മാസം പ്രതിദിനം 42 ദശലക്ഷം യൂണിറ്റ് കേന്ദ്രവിഹിതം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 37 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഇന്നലെ വൈകീട്ട് ഏഴേകാലോടെ പീക്ക് സമയത്തെ ആവശ്യകത 4,999 മെഗാവാട്ടിലേക്ക് ഉയർന്നപ്പോൾ, മൊത്തം ഉപയോഗം 93.74 ദശലക്ഷം യൂണിറ്റിലെത്തി. ഇതിൽ വെറും 24 ദശലക്ഷം യൂണിറ്റ് മാത്രമാണ് ആഭ്യന്തര ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *