കൊച്ചി: മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് ആരോപണത്തിൽ റിപ്പോർട്ടർ ടിവിക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പരാതി നൽകി. ചാനലിന്റെ വിവിധ സാമ്പത്തിക ഇടപാടുകൾ, ജിഎസ്ടി വെട്ടിപ്പ്, രജിസ്ട്രേഷൻ ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), ആദായനികുതി വകുപ്പ്, സിബിഐ, ജിഎസ്ടി വകുപ്പ്, വാർത്താവിനിമയ മന്ത്രാലയം തുടങ്ങിയ ഏഴ് കേന്ദ്ര ഏജൻസികൾക്കാണ് ഔദ്യോഗികമായി പരാതി സമർപ്പിച്ചിരിക്കുന്നത്. തട്ടിപ്പുകളുടെ വ്യക്തമായ തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്ന് ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
റിപ്പോർട്ടർ ടിവി മെസ്സിയുടെ പേരിൽ വൻ തട്ടിപ്പാണ് നടത്തിയതെന്നും, വിഷയം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രതികളെ സംരക്ഷിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം ആരോപിച്ചു. വെറും പത്ത് ലക്ഷം രൂപ മാത്രം മൂലധനമായി തുടങ്ങി ബ്രോഡ്കാസ്റ്റ് കമ്പനി നടത്താൻ ചട്ടപ്രകാരം കഴിയില്ലെന്നും, വർഷങ്ങളായി ചാനലിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കടലാസ് കമ്പനിയായി രൂപീകരിച്ചിട്ടുള്ള ഇതിന്റെ രേഖകളിൽ എം.വി. നികേഷ് കുമാർ തന്നെയാണ് ഇപ്പോഴും ഉടമയായി തുടരുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. വിദേശത്തേക്ക് പണം അയച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ കായികമന്ത്രിയുടെയും കായിക വകുപ്പ് സെക്രട്ടറിയുടെയും പങ്ക് അന്വേഷിക്കണമെന്നും, ചാനലിന്റെ മുഴുവൻ രേഖകളും പരിശോധിച്ച് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

