പാലക്കാട്: വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അങ്കണവാടി കുട്ടികളുടെ ആരോഗ്യ പരിശോധനാ ക്യാമ്പയിനായ ‘ബാല്യസ്പന്ദന’ത്തിന് ജില്ലയില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ ത്രൈമാസ പദ്ധതിയിലൂടെ ജില്ലയിലെ മൂന്ന് മുതല്‍ ആറു വയസുവരെ അങ്കണവാടികളിൽ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ആരോഗ്യവും വളര്‍ച്ചയും തുടര്‍ച്ചയായി നിരീക്ഷിക്കും. കുട്ടികളിലെ വളര്‍ച്ചാ സംബന്ധമായ പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍ എന്നിവ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സയും തുടര്‍പരിചരണവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സെപ്റ്റംബര്‍ രണ്ടു മുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അങ്കണവാടികളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധന നടത്തുന്നതിലൂടെ കാഴ്ച, കേള്‍വി, പോഷകാഹാരക്കുറവ് എന്നിവ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. സമീപത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാര്‍ നേരിട്ട് അങ്കണവാടികളിലെത്തിയാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നത്. ”ആരോഗ്യമുള്ള ബാല്യം ശക്തമായ ഭാവി” എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ രക്ഷിതാക്കളും കുട്ടികളെ പരിശോധനയില്‍ പങ്കെടുപ്പിക്കണമെന്ന് അധികൃതര്‍ അഭ്യർഥിച്ചു. ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ പരിശോധന കൂടാതെ പോഷകാഹാര പ്രാധാന്യം വ്യക്തമാക്കുന്ന ബോധവത്കരണ ക്ലാസും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു.
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ഷക്കീന നിര്‍വഹിച്ചു. കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ബി. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ടി.വി. മിനിമോള്‍, കുഴല്‍മന്ദം സി.ഡി.പി.ഒ എസ്. വനജ, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അനൂപ് റസാഖ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. സയന, ഡിസ്ട്രിക്റ്റ് പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് റോസ്ലി, തേങ്കുറിശ്ശി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

