തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ കോൺഗ്രസ് എംഎൽഎ രമ്യ ഹരിദാസിനെതിരെ കടുത്ത അച്ചടക്ക നടപടി ഒഴിവാക്കി താക്കീത് നൽകാൻ സാധ്യത. എംഎൽഎ എന്ന നിലയിലുള്ള പരിഗണന കൂടി കണക്കിലെടുത്താണ് നടപടി പരിമിതപ്പെടുത്തുന്നതെന്നാണ് വിവരം. പ്രാദേശിക കോൺഗ്രസ് നേതൃത്വവുമായി യോജിച്ച് പ്രവർത്തിക്കാനും രമ്യയ്ക്ക് പാർട്ടി നിർദേശം നൽകും.
മുൻ കെപിസിസി അധ്യക്ഷൻ എം.എം. ഹസ്സൻ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതി ഇന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് അന്തിമ റിപ്പോർട്ട് നൽകും. അന്വേഷണ സമിതിക്ക് മുന്നിൽ ഇന്നലെ ഹാജരായ രമ്യ, താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണെന്നും സംഭവത്തിൽ തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തിരുന്നു.
ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ സംഘർഷത്തെ തുടർന്നാണ് കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചത്. സംഭവത്തിൽ രമ്യയുടെ സഹായി പാളയം പ്രദീപിനെയും എസ്. സജാദിനെയും കോൺഗ്രസ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
സംഘർഷത്തിന് പിന്നാലെ സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ രമ്യ തന്റെ സ്റ്റാഫിൽ ഉൾപ്പെടുത്താൻ കത്ത് നൽകിയതും പാർട്ടിക്കുള്ളിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും രമ്യയ്ക്കെതിരായ തുടർനടപടി സംബന്ധിച്ച് കോൺഗ്രസ് തീരുമാനം എടുക്കുക.

