ബ്രിസ്ബെയ്ൻ: സുരക്ഷിതമായിരിക്കേണ്ട ആശുപത്രി അത്യാഹിത വിഭാഗത്തിന് ഉള്ളിൽ വെച്ച് 73 കാരിയായ വയോധികയ്ക്ക് നേരെ ക്രൂരമായ ആക്രമണം. ഓഗസ്റ്റ് 23-ന് രാത്രി 11:30-ഓടെ ബ്രിസ്ബെയ്നിലെ പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയുടെ എമർജൻസി ഡിപ്പാർട്ട്മെന്റിനുള്ളിലാണ് പ്രകോപനമൊന്നുമില്ലാതെ ഈ ആക്രമണം നടന്നത്.
ആക്രമണത്തിൽ വയോധികയുടെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സംഭവസ്ഥലത്ത് ഉടൻ ഇടപെട്ട മെഡിക്കൽ ജീവനക്കാരാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് 43 കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഗുരുതരമായി പരിക്കേൽപ്പിച്ചതിന് (grievous bodily harm) കേസെടുത്തിട്ടുണ്ട്.
നിലവിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ഈ മാസം ബ്രിസ്ബെയ്ൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. അത്യാഹിത വിഭാഗങ്ങളിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ രാജ്യവ്യാപകമായി വർധിച്ചുവരികയാണെന്നും എന്നാൽ ഇവയിൽ പലതും പുറത്തുവരുന്നില്ലെന്നും ഓസ്ട്രേഷ്യൻ കോളേജ് ഫോർ എമർജൻസി മെഡിസിൻ മുന്നറിയിപ്പ് നൽകുന്നു. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന വയോധികർക്ക് പോലും ഇത്തരം ഭയക്കേണ്ടി വരുന്നത് ഗൗരവകരമായ വിഷയമാണ്. മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരും ഇവിടെ സുരക്ഷിതരായിരിക്കേണ്ടതുണ്ട്. ആശുപത്രികൾ എല്ലാവർക്കും സുരക്ഷിതമായ ഇടമായി മാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആക്രമണങ്ങൾ തടയാൻ ആശുപത്രികളിൽ കർശനമായ സുരക്ഷാ സംവിധാനങ്ങളാണോ അതോ കൂടുതൽ കടുത്ത ശിക്ഷാ നടപടികളാണോ ആദ്യം വേണ്ടത് എന്ന ചർച്ചയാണ് ഈ സംഭവം വീണ്ടും സജീവമാക്കിയിരിക്കുന്നത്.

